അല്‍ അഖ്സ മസ്ജിദില്‍ തറാവീഹ് നമസ്‌കാരം ചെയ്യാനെത്തിയ വിശ്വാസികളെ തടഞ്ഞ് ഇസ്രഈലി സൈന്യം
World News
അല്‍ അഖ്സ മസ്ജിദില്‍ തറാവീഹ് നമസ്‌കാരം ചെയ്യാനെത്തിയ വിശ്വാസികളെ തടഞ്ഞ് ഇസ്രഈലി സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2024, 8:46 pm

ജെറുസലേം: ഗസയിലെ അല്‍ അഖ്സ മസ്ജിദില്‍ തറാവീഹ് നമസ്‌കാരം ചെയ്യാനെത്തിയ വിശ്വാസികളെ തടഞ്ഞ് ഇസ്രഈലി സൈന്യം. റംസാന്‍ മാസത്തിന്റെ തലേന്ന് നൂറുകണക്കിന് ഫലസ്തീന്‍ വിശ്വാസികളെ ഇസ്രഈല്‍ സേന മസ്ജിദിന് സമീപത്തായി തടഞ്ഞുനിര്‍ത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


തറാവീഹിനായി എത്തുന്ന 40 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് മാത്രമേ മസ്ജിദിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളു. അതേസമയം യുവാക്കള്‍ക്ക് മസ്ജിദില്‍ പ്രവേശിക്കുന്നതിനായി ഇസ്രഈലി സൈന്യം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച അല്‍ അഖ്സ മസ്ജിദിലേക്ക് കടക്കാന്‍ ശ്രമിച്ച ഫലസ്തീനികളെ ഇസ്രഈലി സൈനികര്‍ ബാറ്റണ്‍ ഉപയോഗിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങളടങ്ങുന്ന വിഡീയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇസ്രഈല്‍ സൈന്യം നിരവധി വിശ്വാസികളെ മസ്ജിദിന് പുറത്ത് തടഞ്ഞുവെക്കാന്‍ ശ്രമിച്ചുവെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

വിശ്വാസികളെ തടയുന്നതിനായി സൈനികര്‍ കിഴക്കന്‍ ജെറുസലേമിന് ചുറ്റും ഒന്നിലധികം ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

അല്‍ അഖ്സയിലേക്കുള്ള വിശ്വാസികളുടെ പ്രവേശനത്തിന് ഇസ്രഈല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിലവിലത്തെ സാഹചര്യത്തെ ഒരു സ്‌ഫോടനത്തിലേക്ക് തള്ളിവിടുകയാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി പറഞ്ഞു.

അതേസമയം റമദാനില്‍ ഫലസ്തീന്‍ വിശ്വാസികള്‍ക്ക് നേരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാര്‍ച്ച് 5 ന് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 31,045 പേര്‍ കൊല്ലപ്പെടുകയും 72,654 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രഈലിന്റെ ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 85 ഫലസ്തീനികള്‍ കൊലപ്പെട്ടുവെന്നും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Israeli army stopped worshipers who came to perform Taraweeh prayers at Al-Aqsa Mosque