ഗസയിൽ സൈന്യം ഇപ്പോഴും വിജയത്തിൽ നിന്ന് ഏറെ അകലെ; കത്തുമായി ഇസ്രഈലി സൈനികർ
World News
ഗസയിൽ സൈന്യം ഇപ്പോഴും വിജയത്തിൽ നിന്ന് ഏറെ അകലെ; കത്തുമായി ഇസ്രഈലി സൈനികർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th August 2024, 2:44 pm

ടെൽ അവീവ്: ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ നടക്കുന്ന ആക്രമണത്തിൽ ഇസ്രഈലി സൈന്യത്തിന്റെ വിജയ സാധ്യത ഏറെ അകലെയാണെന്ന് ഇസ്രഈലി സൈനിക ഉദ്യോഗസ്ഥർ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിജയം കയ്യെത്തും ദൂരത്തുണ്ടെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ അത് സത്യമല്ലെന്നും നൂറോളം ഇസ്രഈലി സൈനികർ ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവിക്കയച്ച കത്തിൽ പറഞ്ഞു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിജയം കയ്യെത്തും ദൂരത്തുണ്ടെന്നുന്നും കൃത്യയമായ മുന്നേറ്റത്തിലൂടെ വിജയം കരസ്ഥമാക്കാമെന്നുമുള്ള മുതിർന്ന സൈനികരുടെ പ്രസ്താവനകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഈ പ്രസ്താവനകൾ ഞങ്ങളെ അമ്പരപ്പിക്കുകയാണ് ചെയ്യുന്നത്. വിജയം ഏറെ അകലെയാണ്. യുദ്ധ മുഖത്ത് നിന്ന് വന്ന ഞങ്ങൾക്ക് അറിയാം വിജയം എത്രമാത്രം ദൂരെയാണെന്ന്,’ സൈനികർ പറഞ്ഞു.

യു.എ.വികൾ, സ്ഫോടനാത്മകമായ ഡ്രോണുകൾ, മോട്ടറുകൾ തുടങ്ങിയ ആയുധങ്ങൾ ഇപ്പോഴും ഫലസ്തീൻ പ്രതിരോധ വിഭാഗങ്ങളുടെ കൈയിൽ ഉണ്ടെന്നും സൈനികർ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ‘വിജയം കയ്യെത്തും ദൂരത്താണെന്ന്’ എ.ബി.സി ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാൽ ഈ അവകാവശവാദത്തെ പൊളിച്ചെഴുതുകയാണ് ഇസ്രഈലി സൈനികർ പുറത്തുവിട്ട കത്ത്.

കഴിഞ്ഞ ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ കുറഞ്ഞത് 10,000 ഇസ്രഈലി സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇസ്രഈലി മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

2023 ഒക്ടോബർ ഏഴിന് ഫലസ്‌തീൻ സായുധ സംഘടനയായ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യാക്രമണത്തിന് പിന്നാലെ ഇസ്രഈൽ ഫലസ്തീന് നേരെ വംശഹത്യ നടത്തുകയായിരുന്നു.

വീടുകൾക്കും ആശുപത്രികൾക്കും സ്കൂൾ ഷെൽട്ടറുകൾക്കും നേരെയുള്ള ആക്രമണങ്ങളിൽ നിരവധി സിവിലിയന്മാരെ ഇസ്രഈലി പട്ടാളം കൊന്നൊടുക്കി.

ഇസ്രഈൽ ആക്രമണത്തിൽ കുറഞ്ഞത് 39 ,800 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇരയായവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 92 ,000ത്തിൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങൾ ഇസ്രഈലിൽ തടങ്കലിൽ വെച്ച് ക്രൂര പീഡനത്തിനിരയാകുന്നുണ്ട്.

ഫലസ്തീനിലേക്കെത്തുന്ന ഭക്ഷണം, വെള്ളം, മെഡിക്കൽ ആവശ്യവസ്തുക്കൾ എന്നിവ നശിപ്പിക്കൽ തുടങ്ങി നിരവധി ക്രൂരതകളാണ് ഇസ്രഈലി പട്ടാളം ഗസയിലെ സാധാരണക്കാരോട് ചെയ്യുന്നത്.

അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം ലംഘിച്ചാണ് ഗസക്കെതിരായ ആക്രമണം ഇസ്രഈൽ തുടരുന്നത്.

 

 

 

Content Highlight: Israeli army ‘still far from victory’ in Gaza: Army officers