ജെറുസലേം: വടക്കന്‍ ഗസയില്‍ തടവിലാക്കപ്പെട്ട ഫലസ്തീനികള്‍ ഇസ്രഈലി സൈന്യത്തിന് ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ വ്യാജ വീഡിയോ ഇസ്രഈല്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. അടിവസ്ത്രം മാത്രം ധരിച്ച നിരവധി പുരുഷന്മാര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇസ്രഈല്‍ ടാങ്കുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതും തോക്കുകള്‍ ഉയര്‍ത്തി പിടിച്ചതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
ഫലസ്തീന്‍ തടവുകാരില്‍ ഒരാള്‍ ആയുധം കൈമാറ്റം ചെയ്ത് ഇസ്രഈല്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുന്നതിനായി മുന്നോട്ട് നടക്കുന്നതായ ദൃശ്യവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജബാലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിന് വടക്ക് ഭാഗത്തായി ബെയ്റ്റ് ലാഹിയയിലെ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് മുന്നിലാണ് വീഡിയോ എടുത്തതെന്നും, വീഡിയോയിലെ പലസ്തീന്‍കാരന്‍ പ്രാദേശിക അലുമിനിയം വര്‍ക്ക്‌ഷോപ്പിന്റെ ഉടമ മോയിന്‍ ഖേഷ്ത അല്‍ മസ്റിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഇസ്രഈല്‍ പോസ്റ്റ് ചെയ്ത രണ്ട് ദൃശ്യങ്ങളില്‍ ഒന്നില്‍ മസ്റി വലതുകൈ കൊണ്ടും മറ്റൊന്നില്‍ ഇടതുകൈ കൊണ്ടും തോക്ക് കൈമാറ്റം ചെയ്യുന്നതായാണ് കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പല ടേക്കുകളായി നിര്‍ബന്ധപൂര്‍വ്വം സൈന്യം മസ്റിയെ കൊണ്ട് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യിച്ചതാണെന്ന് അല്‍ജസീറ ഫാക്ട് ചെക്ക് വെളിപ്പെടുത്തി.
വീഡിയോ ഫൂട്ടേജില്‍ ഒരു ഇസ്രഈലി സൈനികന്‍ മസ്റിയോട് ‘ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയ തോക്ക് പിടിക്കൂ. അതുകൊണ്ട് വെടിവെക്കാന്‍ നോക്കരുത്. പതുക്കെ നടന്ന് മൈതാനത്തിന്റെ ഒരു വശത്ത് ഈ തോക്ക് വെക്കൂ,’ എന്ന് പറയുന്നതായി കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
മസ്റിയെ തോക്കിന്റെ മുനയില്‍ നിര്‍ത്തി ഇസ്രഈലി ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും മസ്റി ആയുധങ്ങള്‍ വെച്ച് കീഴടങ്ങുകയാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഇസ്രഈല്‍ സൈന്യം നിരവധി ഫലസ്തീന്‍ പുരുഷന്മാരെ തടവിലിടുകയും അവരുടെ വസ്ത്രങ്ങള്‍ അഴിക്കുകയും കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് വരിവരിയായി ഇരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. അവര്‍ ഹമാസ് പ്രവര്‍ത്തകര്‍ ആണെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ സമര്‍പ്പിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സാധിച്ചില്ല.
നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 17,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.
Content Highlight: Israeli army spreads fake video of Palestinian prisoner surrendering with weapons