| Saturday, 7th April 2018, 10:33 am

പ്രതിഷേധക്കൊടുങ്കാറ്റില്‍ ഗാസ മുനമ്പ്: ഇസ്രാഈല്‍ വെടിവെപ്പില്‍ മരണം 7 ആയി; 1000ത്തിലധികം പേര്‍ക്ക് പരുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസ: ഗാസയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധപ്രകടനത്തിന് നേരെ നടന്ന ഇസ്രഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ മരണം 7 ആയി. വിദ്യാര്‍ഥികളടക്കം ഏഴു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 1000ത്തിലധികം ആളുകള്‍ക്കാണ് പരുക്കേറ്റത്.

ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ ഗാസാ മുനമ്പിലൊത്തുകൂടിയ 293 പേര്‍ക്ക് പരുക്കേറ്റു എന്നായിരുന്നു ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മരണ നിരക്കും പരുക്കേറ്റവരുടെ എണ്ണവും പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഒസാമ ഖ്ദീഹ് (38), മജ്ദി റമദാന്‍ ശ്ബാത്, ഹുസൈന്‍ മാദി (16), ഇബ്രാഹിം അല്‍-ഔര്‍ (20), സിദ്ദീഖി അബു ഔതേവി, മുഹമ്മദ് ഹജ്ജ് സലീഹ് (33), അലാ അല്‍-സമാലി (17) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ഔദ്യോഗികമായി അറിയിച്ചു.

രണ്ടാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. കഴിഞ്ഞ ആഴ്ചയിലെ പ്രതിഷേധത്തിനെതിരെ മാര്‍ച്ച് 30നും ഇസ്രാഈല്‍ സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. ഇതോടെ പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ എണ്ണം 26 ആയി. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിവയ്പ്പിന് പുറമെ ജലപീരങ്കിയും കണ്ണീര്‍ വാതകങ്ങളും പ്രയോഗിച്ചിരുന്നു. ആയിരക്കണക്കിന് പാലസ്തീന്‍ പൗരന്മാര്‍ സ്ത്രീകളും കുട്ടികളുമടക്കം കുടുംബസമ്മേതമാണ് ജാഥയ്ക്കെത്തിയത്.

“ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയില്‍” എന്ന വിശേഷണമുള്ള ഗാസക്കെതിരെയുള്ള ഇസ്രയേല്‍ ഉപരോധത്തില്‍ പ്രതിഷേധിച്ച് ആറാഴ്ച്ച നീളുന്ന പ്രക്ഷോഭത്തിന്റെ തുടക്കമായാണ് ഗാസ അതിര്‍ത്തിയിലേക്ക് പാലസ്തീന്‍ ജനത മാര്‍ച്ച് നടത്തിയത്. മെയ് 15 ന് “നഖ്ബ ദിന”ത്തില്‍ അവസാനിക്കുന്ന രീതിയിലാണ് മാര്‍ച്ച് ക്രമീകരിച്ചത്. അഭയാര്‍ത്ഥികള്‍ക്ക് ഇസ്രഈലിലെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.


Watch DoolNews Video:

We use cookies to give you the best possible experience. Learn more