'ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ല്'; ഗസയിലെ നാസര്‍ ആശുപത്രിയെ വേട്ടയാടി ഇസ്രഈലി സൈന്യം
World News
'ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ല്'; ഗസയിലെ നാസര്‍ ആശുപത്രിയെ വേട്ടയാടി ഇസ്രഈലി സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th February 2024, 8:43 am

ജെറുസലേം: ഗസയിലെ ഖാന്‍ യൂനുസ് നഗരത്തിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രഈലി സൈന്യത്തിന്റെ ക്രൂരത. കെട്ടിടത്തിന്റെ ചുമരുകളും വാതിലുകളും തകര്‍ത്ത് സൈന്യം ആശുപത്രിയുടെ ഉള്ളിലേക്ക് കടക്കുകയും പ്രകോപനം കൂടാതെ രോഗികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ സൈനികര്‍ ആശുപത്രിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഇസ്രഈലി സൈന്യത്തിന്റെ ആക്രമണം. നേതാക്കളെ കണ്ടെടുക്കുന്നതിനായി ക്രൂരമായ അതിക്രമങ്ങള്‍ സൈന്യം ആശുപത്രി കെട്ടിടത്തിനുള്ളില്‍ ചെയ്തതായാണ് വിലയിരുത്തല്‍.

കൂട്ടിരിപ്പുകാരെയും ഗുരുതരാവസ്ഥയില്‍ കിടക്കുന്നവരുടെയും അഭയാര്‍ത്ഥികളെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി കൊണ്ട് ഇറക്കിവിട്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

ഒരാള്‍ക്ക് മാത്രം കടന്നുപോവാന്‍ കഴിയുന്ന വഴിയിലൂടെ കുട്ടികളെയും സ്ത്രീകളെയും സൈന്യം തള്ളി പുറത്താക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുണ്ടായ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സമീപ പ്രദേശങ്ങളിലായി ചിതറി കിടക്കുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രിയിലെ പ്രത്യേക വിഭാഗമായ പ്രസവ ബ്ലോക്കുകള്‍ ഇസ്രഈലി സൈനികര്‍ പൂര്‍ണമായി നശിപ്പിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനുപുറമെ ആശുപത്രയില്‍ ഉണ്ടായിരുന്ന ആംബുലന്‍സുകളും സൈന്യം തകര്‍ത്തതായി മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ചികില്‍സിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം തടയുന്നതായി ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈലി ഭരണകൂടം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഗസയിലെ ആശുപത്രികള്‍ക്ക് നേരെ ചെയ്തുകൂട്ടുന്നതെന്നും നഗരത്തിലെ ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലാണ് നാസര്‍ ആശുപത്രിയെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറയുകയും ചെയ്തു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 28,176 ആയി വര്‍ധിച്ചുവെന്നും 67,784 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Israeli army hunted Nasser hospital in Gaza