ജെറുസലേം: മുമ്പ് മാനുഷിക മേഖലകളായി പ്രഖ്യാപിച്ച ഗസയിലെ ഖാന്‍ യൂനിസില്‍ നിന്നും ഫലസ്തീനികളെ ഒഴിപ്പിച്ച് ഇസ്രഈല്‍ സൈന്യം. പ്രദേശത്ത് തീവ്രവാദ പ്രവര്‍ത്തനം വ്യാപിച്ചെന്നാണ് ഒഴിപ്പിക്കലിനെ ന്യായീകരിച്ച് ഇസ്രഈല്‍ സൈന്യം വിശദീകരണം നല്‍കിയത്.
ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ നിന്ന് ശനിയാഴ്ച 14 മൃതദേഹങ്ങള്‍ ലഭിച്ചതായി ഗസയിലെ മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, സെൻട്രൽ ഗസയിലെ ദേർ അൽ-ബാലയിലെ സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. 4,000ത്തിലധികം ഫലസ്തീനികൾ അഭയം പ്രാപിച്ച ഖാദിജ ഗേൾസ് സ്കൂളിന് നേരെയാണ് ആക്രമണം നടന്നത്. സ്കൂൾ സമുച്ചയത്തിനുള്ളിൽ ഒരു ആശുപത്രിയും പ്രവർത്തിച്ചിരുന്നു.
അതിനിടെ, ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ എതിർത്ത മുൻ സർക്കാരിന്റെ നടപടി തിരുത്തുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
ബ്രിട്ടനിലെ മുൻ സർക്കാരിന്റെ നിലപാടിന് വിരുദ്ധമായി ഇത് കോടതിയുടെ തീരുമാനമാണെന്ന് കെയർ സ്റ്റാർമറിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസയ്‌ക്കെതിരായ യുദ്ധത്തിന്റെ പേരിൽ ഇസ്രഈലിനുള്ള ആയുധ വിൽപ്പന രാജ്യം നിയന്ത്രിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Content Highlight: Israeli army ejects Palestinians from ‘humanitarian area’ in Khan Younis