| Tuesday, 26th December 2023, 11:41 pm

സൈന്യത്തിന്റെ നേട്ടം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ ഗസയില്‍ എന്തും പരീക്ഷിക്കും; യുദ്ധം മാസങ്ങളോളം തുടരുമെന്ന് ഇസ്രഈല്‍ സൈനിക മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍അവീവ്: ഗസയില്‍ ഇസ്രഈലി സൈന്യം നടത്തുന്ന യുദ്ധം മാസങ്ങളോളം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രഈല്‍ സൈനിക മേധാവി. യുദ്ധം മാസങ്ങളോളം നീണ്ടുനിക്കുമെന്നും തങ്ങളുടെ നേട്ടങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തുന്നതിനായി ഇസ്രഈലി സൈന്യം വ്യത്യസ്ത യുദ്ധ രീതികള്‍ അവലംബിക്കുമെന്നാണ് സൈനിക മേധാവിയായ ഹവേലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

‘മാന്ത്രിക പരിഹാരങ്ങളൊന്നുമില്ല. ഒരു തീവ്രവാദ സംഘടനയെ തകര്‍ക്കാന്‍ കുറുക്കുവഴികളുമില്ല. നിശ്ചയദാര്‍ഢ്യത്തോട് കൂടിയ നിരന്തരമായ പോരാട്ടം മാത്രമാണ് നടക്കുന്നത്,’ ഹലേവി മാധ്യമങ്ങളോട് സൂചിപ്പിച്ചു.

ഒരാഴ്ച എടുത്താലും മാസങ്ങള്‍ എടുത്താലും തങ്ങള്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ നേതൃത്വത്തില്‍ എത്തുമെന്നും ഹലേവി പറഞ്ഞു. ഹമാസ് തുടക്കം മുതല്‍ ഇസ്രഈലിന്റെ ഭാഗത്ത് നിന്ന് ഒരു നീണ്ട യുദ്ധം പ്രതീക്ഷിച്ചിരുന്നതായി ഹലേവി കൂട്ടിച്ചേര്‍ത്തു.

ഗസയിലെ അല്‍ മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈലി സൈന്യം നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറ്റുന്നതിനിടെ തങ്ങളുടെ സംഘടന പ്രവര്‍ത്തകര്‍ ബോംബാക്രമണത്തിന് വിധേയരായെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.

ഇസ്രഈല്‍ ആക്രമണത്തില്‍ 160ലധികം ആളുകള്‍ ക്യാമ്പില്‍ കൊല്ലപെട്ടുവെന്നും റെഡ് ക്രസന്റ് സൊസൈറ്റി മാധ്യമങ്ങളോട് പറഞ്ഞു. സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ ഗസയിലെ ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ തകരാറിലായെന്ന് പ്രധാന ടെലികമ്മ്യൂണിക്കേഷന്‍ ദാതാക്കളിലൊരാളായ പാല്‍ടെല്‍ വ്യക്തമാക്കി.

നിലവില്‍ ഗസ മുനമ്പിലെ സ്ഥിരമായ ടെലികമ്മ്യൂണിക്കേഷനുകളുടെയും ഇന്റര്‍നെറ്റ് സേവനങ്ങളുടെയും പൂര്‍ണമായ തകര്‍ച്ച പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും പാല്‍ടെല്‍ കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ ആക്രമണത്തില്‍ 20,915 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 54,918 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വ്യക്തമാക്കുന്നു.

Content Highlight: Israeli army chief says war in Gaza will continue for months

We use cookies to give you the best possible experience. Learn more