ഇസ്രഈല്‍ സൈന്യം കുടുംബത്തെ ആദ്യ തവണ ആക്രമിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ സൈന്യത്തിന് വീടിന്റെ റസിഡന്‍ഷ്യല്‍ വിലാസം അയച്ചുകൊടുത്തതിനെ തുടര്‍ന്നും ആക്രമണം തുടരുകയായിരുന്നു.
ഗസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അമേരിക്കന്‍ പൗരന്റെ കുടുംബത്തിലെ ചില അംഗങ്ങള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഒക്ടോബര്‍ 15 ചൊവ്വാഴ്ച അമേരിക്കന്‍ പൗരന്‍ നടത്തിയ പ്രസ്താവനയിലാണ് ഇസ്രഈല്‍ തങ്ങളെ ലക്ഷ്യമിടുന്നതായും ആവര്‍ത്തിച്ച് ആക്രമണം നടത്തുന്നതായും വെളിപ്പെടുത്തിയത്.
ഒക്ടോബര്‍ 14ന് ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ വിര്‍ജീനിയയില്‍ നിന്നുള്ള ഫലസ്തീനിയന്‍ അമേരിക്കന്‍ പൗരന്റെ വീടിന് നേരെ ബോംബാക്രമണം ഉണ്ടാവുകയായിരുന്നു. തന്റെ കുടുബത്തിനു നേരെ ആക്രമണം നടന്നതിനെ തുടര്‍ന്ന് സി.എ.ഐ.ആറിനെ അറിയിക്കുകയായിരുന്നു.
ഏഴ് കുട്ടികളടക്കം പതിനഞ്ച് പേരടങ്ങുന്ന വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. രക്ഷാ പ്രവര്‍ത്തനത്തിനു വേണ്ടി ആംബുലന്‍സിന് സുരക്ഷിതമായി കടന്നുപോവുന്നതിന് വേണ്ടി വീടിന്റെ റസിഡന്‍ഷ്യല്‍ വിലാസവും ജി.പി.എസ് കോര്‍ഡിനേറ്ററും സഹിതം കുടുംബം ഇസ്രഈല്‍ സൈന്യത്തെ ബന്ധപ്പെടുകയായിരുന്നു.
എന്നാല്‍ ഈ വിവരങ്ങള്‍ ലഭ്യമായതോടെ സൈന്യം ആക്രമണം തുടരുകയായിരുന്നു. ആക്രമണത്തില്‍ രക്ഷപ്പെട്ടവരെ ആംബുലന്‍സില്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന് നേരെയും ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ ഏഴ് വയസുള്ള ആണ്‍കുട്ടി ഒഴികെ എല്ലാവരും കൊല്ലപ്പെടുകയായിരുന്നു.
ഗസയില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരന്റെ കുടുംബത്തിന് നേരെയുണ്ടായ ഇസ്രഈലിന്റെ ആക്രമണം യുദ്ധകുറ്റമാണെന്നും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സി.എ.ഐ.ആര്‍ എക്‌സിക്യൂട്ടീവ് അംഗം പറഞ്ഞു.
അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങി യുദ്ധം ചെയ്യുന്ന ഇസ്രഈല്‍ അതേ രാജ്യത്തെ പൗരന്മാരെ ആക്രമിക്കുന്നതിനാല്‍ ആയുധങ്ങള്‍ ഇസ്രഈലിന് നല്‍കുന്നത് നിര്‍ത്തുന്നതാണ് ബൈഡന്‍ ഭരണത്തിന് ചെയ്യാന്‍ കഴിയുക എന്നും എക്‌സിക്യൂട്ടീവ് അംഗം വ്യക്തമാക്കി.
അതേസമയം ഫലസ്തീനികളുടെ കൂട്ടക്കൊലയില്‍ ബൈഡന്‍ ഭരണകൂടം കാര്യമായ ആശങ്കകളൊന്നും പ്രകടിപ്പിക്കുന്നില്ലെന്നും പ്രകടിപ്പിച്ചിരുന്നെങ്കില്‍ അമേരിക്കന്‍ പൗരന്റെ അമ്മയുടെ മൃതദേഹം വീണ്ടെടുക്കാനെങ്കിലും അത് സഹായിക്കുമായിരുന്നെന്നും അവാദ് കൂട്ടിച്ചേര്‍ത്തു.
ഒരു അമേരിക്കന്‍ കുടുംബം ആക്രമിക്കപ്പെട്ടത് വൈറ്റ് ഹൗസിനെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനേയും അറിയിച്ചെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ലെന്നും അവാദ് പറഞ്ഞു.
Content Highlight: Israeli army bought weapons from America and attacked American citizens