നഗ്‌നരാക്കി, സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ചു; ഫലസ്തീനികള്‍ക്കും ഇസ്രഈലിലെ ഇടത് പ്രവര്‍ത്തകര്‍ക്കും ക്രൂരമായ ആക്രമണം
World News
നഗ്‌നരാക്കി, സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ചു; ഫലസ്തീനികള്‍ക്കും ഇസ്രഈലിലെ ഇടത് പ്രവര്‍ത്തകര്‍ക്കും ക്രൂരമായ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th October 2023, 11:20 am

ജെറുസലേം: വെസ്റ്റ്ബാങ്ക് ഗ്രാമമായ വാദി അല്‍-സിഖിലെ ഫലസ്തീനികളെയും ഇടതുപക്ഷ ഇസ്രായേല്‍ പ്രവര്‍ത്തകരെയും ഇസ്രഈല്‍ സൈനികര്‍ ശാരീരികമായി ആക്രമിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

ഗസയിലെ ആളുകളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങളെ 20നും 25നും ഇടയില്‍ പ്രായമുള്ള സൈനികര്‍ വാനുകളില്‍ എത്തി മണിക്കൂറുകളോളം തടഞ്ഞുവെച്ചതായി ഫലസ്തീനികള്‍ ഇസ്രഈല്‍ പത്രത്തോട് പറഞ്ഞു.

പട്ടാളക്കാരും കുടിയേറ്റക്കാരും തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും സാമൂഹിക പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറോളം പ്രവര്‍ത്തകരെ തടവിലാക്കി. ഇവര്‍ക്ക് കാവല്‍ നില്‍ക്കുന്നതിനായി ഇസ്രഈല്‍ യുവാവിനെ സൈന്യം ചുമതല ഏല്‍പ്പിച്ചതായും ഇടതുപക്ഷ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇറാഖിലെ അബു ഗ്രെയിബ് ജയിലില്‍ യുഎസ് സേന നടത്തിയ പീഡനങ്ങള്‍ക്ക് സമാനമാണ് തങ്ങള്‍ അനുഭവിച്ചതെന്നും ഫലസ്തീനികള്‍ ചൂണ്ടിക്കാട്ടി.

ഫലസ്തീനികളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നഗ്‌നരാക്കുകയും അടിവസ്ത്രത്തില്‍ നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്തു. ബന്ദികളാക്കിയവരില്‍ രണ്ടുപേരുടെ മേല്‍ ഇസ്രഈല്‍ സൈന്യം മൂത്രമൊഴിക്കുകയും കത്തിച്ച സിഗരറ്റ് ഉപയോഗിച്ചു ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്തുവെന്ന് ഹാരറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ ദേഹത്ത് ചതവുകളോട് കൂടി നില്‍ക്കുന്ന ഫലസ്തീനികളുടെ ഫോട്ടോ ഇസ്രഈല്‍ സൈന്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായും വിമര്‍ശനങ്ങളെ തുടര്‍ന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തതായും റിപ്പോര്‍ട്ട് ചെയ്തു.

വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരാണ് തടവിലായിരുന്ന ഫലസ്തീനികളെയും പ്രവര്‍ത്തകരെയും പിന്നീട് വിട്ടയച്ചത്.

ഇവരില്‍ ഗുരുതരമായി പരിക്കേറ്റവരെ റാമല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും ഒരു കമാന്‍ഡറെ പിരിച്ചുവിട്ടതായും ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു.

 

Content Highlight: Israeli army attacks on Palestine and Israeli leftist activists