| Thursday, 23rd November 2023, 5:41 pm

അൽ ശിഫ ആശുപത്രി ഡയറക്ടറേയും ഡോക്ടർമാരെയും ഇസ്രഈൽ സേന അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിലെ അൽ ശിഫ ആശുപത്രിയുടെ ഡയറക്ടർ ഉൾപ്പെടെയുള്ള ഡോക്ടർമാരെ ഇസ്രഈൽ സേന അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.

ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയുടെ ഡയറക്ടർ അബു സാൽമിയയെയും മറ്റ് നിരവധി ഡോക്ടർമാരെയും അറസ്റ്റ് ചെയ്തതായി ആശുപത്രിയുടെ ഡിപ്പാർട്മെന്റ് മേധാവി ഖാലിദ് അബു സാമ്ര വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.

ഇസ്രഈലി പ്രക്ഷേപണ വിഭാഗവും അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാൽമിയയുടെ കുടുംബാംഗമായ ആദം അബു സെൽമിയ എക്‌സിൽ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ വാഹനത്തിൽ രോഗികൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഡോക്ടർമാരെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ ഗസ ആരോഗ്യ മന്ത്രാലയം ലോകാരോഗ്യ സംഘടനയോട് വിശദീകരണം തേടി.

‘തടങ്കലിൽ കഴിയുന്നവർ എത്ര പേരാണെന്നോ അവരുടെ പേരുകൾ എന്തൊക്കെയാണെന്നോ വ്യക്തമാക്കുന്ന യാതൊരു റിപ്പോർട്ടും ലോകാരോഗ്യ സംഘടന ഞങ്ങൾക്ക് അയച്ചിട്ടില്ല.

ഞങ്ങൾക്ക് അൽ ശിഫയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്നതിനർത്ഥം ആരെയൊക്കെയാണ് അറസ്റ്റ് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല. തടങ്കലിലുള്ളവർ കൊല്ലപ്പെടാൻ പോലും സാധ്യതയുണ്ട്. അധിനിവേശ സേന അതുപോലും ചെയ്യാൻ മടിക്കില്ലെന്ന് ഞങ്ങൾക്ക് അറിയാം,’ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവായ അഷ്‌റഫ്‌ അൽ ഖുദ്ര പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് വിശദീകരണം നൽകാതെ രോഗികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കില്ല എന്നും മന്ത്രാലയം അറിയിച്ചു.

അൽ ശിഫ ആശുപത്രി ആക്രമിക്കുകയും വളയുകയും ചെയ്ത ഇസ്രഈൽ സേന ആശുപത്രി വിട്ട് എല്ലാവരും പോകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ ഇപ്പോഴും 180 രോഗികളുണ്ടെന്ന് ജീവനക്കാർ പറയുന്നത്.

Content Highlight: Israeli army arrests al-Shifa Hospital director, other doctors in Gaza

We use cookies to give you the best possible experience. Learn more