ഗസ സിറ്റി: അബദ്ധത്തില്‍ മൂന്ന് ബന്ദികളെ വെടിവെച്ച് കൊന്ന് ഇസ്രഈലി സൈന്യം. ഹമാസ് പോരാളികളാണെന്ന് തെറ്റിദ്ധരിച്ചാണ് ഗസയില്‍ ബന്ധികള്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. യോതം ഹൈം(28), സമീര്‍ അല്‍-തലാല്‍ക്ക(25(, അലോണ്‍ ഷംരിസ്(26) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിന് നിര്‍ ആമിലെ തൊഴില്‍ സ്ഥലത്തുനിന്നാണ് ഹമാസ് ഇവരെ റാഞ്ചിയത്.
‘ഷെജയ്യയില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിനിടയില്‍ ഐ.ഡി.എഫ്( സൈന്യം) മൂന്ന് ഇസ്രഈലി ബന്ദികളെ തങ്ങള്‍ക്കെതിരായ ‘ഭീഷണി’ എന്ന് തെറ്റിദ്ധരിച്ചു. സൈന്യം അവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയും അവര്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തില്‍ നിന്നുമുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് യുദ്ധക്കളത്തില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടതിനെ പറ്റി സൈന്യത്തെ അറിയിച്ചിട്ടുണ്ട്. ഈ ദാരുണമായ സംഭവത്തില്‍ അഗാധമായ പശ്ചാത്താപം രേഖപ്പെടുത്തുന്നു,’ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
വെടിവെച്ചുകൊന്ന ശേഷം സംശയം വന്നതോടെയാണ് പരിശോധന നടത്തിയതെന്നും ബന്ദികളെ തിരിച്ചറിഞ്ഞതെന്നും ഇസ്രഈല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. സംഭവിച്ചതിന്റെ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കുകയാണ്. കൊല്ലപ്പെട്ട ബന്ദികള്‍ രക്ഷപ്പെട്ടവരോ തീവ്രവാദികളാല്‍ ഉപേക്ഷിക്കപ്പെട്ടവരോ ആകാം. കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താങ്ങാനാവാത്ത ദുരന്തമെന്നാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബന്ദികളെ കൊലപെടുത്തിയതിനെ വിശേഷിപ്പിച്ചത്. ‘മുഴുവന്‍ ഇസ്രഈലി ജനതക്കൊപ്പം വേദനയാല്‍ ഞാന്‍ തല കുനിക്കുന്നു. മൂന്ന് മക്കളുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തുന്നു,’ നെതന്യാഹു പറഞ്ഞു.