| Saturday, 21st October 2023, 10:42 pm

ഫലസ്തീൻ പോസ്റ്റുകൾ; അറബ് ഇസ്രഈലികളെ അറസ്റ്റ് ചെയ്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെൽ അവീവ്: ഗസയിലെ ഇസ്രഈൽ ആക്രമണത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തതിന് ഗായിക ദലാൽ അബു അംനി ഉൾപ്പെടെ ഇസ്രഈലിലെ അറബ് പൗരന്മാരെ അറസ്റ്റ് ചെയ്ത് പൊലീസ്.

ദലാൽ അംനിയെ രണ്ട് ദിവസം കസ്റ്റഡിയിലെടുത്ത പൊലീസ് ഗായികയെ കഴിഞ്ഞ ദിവസം ജാമ്യത്തിൽ വിട്ടു. നിലവിൽ വീട്ടുതടങ്കലിൽ കഴിയുകയാണ് ദലാൽ.

ദലാലിന്റെ പോസ്റ്റുകൾ അവരുടെ ഫോളോവേഴ്‌സിനെ അക്രമത്തിന് പ്രേരിപ്പിക്കുമെന്ന് ആരോപിച്ചായിരുന്നു അറസ്റ്റെന്ന്  അഭിഭാഷകൻ അറിയിച്ചു.

ദൈവമല്ലാതെ മറ്റൊരു വിജയി ഇല്ല എന്നെഴുതി ഫലസ്തീൻ പതാക പോസ്റ്റ്‌ ചെയ്തതിനാണ് പൊലീസ് ദലാലിനെ അറസ്റ്റ് ചെയ്തത്.

യുദ്ധവുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ പേരിൽ പന്ത്രണ്ടിലധികം ഇസ്രഈലി അറബികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റുകളുടെ പേരിൽ ജോലി നഷ്ടപ്പെട്ടവരും സർവകലാശാലകളിൽ നിന്ന് അച്ചടക്ക നടപടികൾക്ക് വിധേയരായവരുമുണ്ടെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.

ഇസ്രഈൽ ജനസംഖ്യയുടെ അഞ്ചിലൊന്ന് അറബികളാണ്. ഹമാസ് ആക്രമണത്തിന് ശേഷം സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ നൂറിലധികം ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ജറുസലേമിൽ മാത്രം 63 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

2021 മേയ് മാസത്തിലെ ഇസ്രഈൽ – ഗസ സംഘർഷത്തിൽ 16 അറബികളാണ് അറസ്റ്റിലായിരുന്നതെന്ന് ഇസ്രഈലിലെ അറബ് ന്യൂനപക്ഷ സംഘടന അദലയുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇപ്പോൾ തടങ്കലിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്നും അദല ചൂണ്ടിക്കാട്ടി.

നിസാരമായ പോസ്റ്റുകൾ പോലും ആക്രമണത്തിന് കാരണമാകും എന്ന് പൊലീസ് പറയുന്നതാണ് അറസ്റ്റിലാകുന്നവരുടെ എണ്ണം ആശങ്കാകരമാം വിധത്തിൽ വർധിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

ഇസ്രഈലി സൈന്യം കരയുദ്ധം നടത്താൻ സാധ്യതയുള്ള രീതികൾ വിശകലനം ചെയ്ത് ഗസ മുനമ്പിന്റെ ഭൂപടം പങ്കുവെച്ചതിന് രാഹത്തിലെ മുൻ മേയർ സ്ഥാനാർത്ഥിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Israeli Arabs arrested over Gaza social media posts

We use cookies to give you the best possible experience. Learn more