| Friday, 15th December 2023, 10:09 pm

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന ഫോര്‍മുല പ്രാവര്‍ത്തികമാവില്ല; ദ്വിരാഷ്ട്ര പരിഹാരത്തെ അംഗീകരിക്കില്ലെന്ന് ഇസ്രഈല്‍ അംബാസിഡര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഗസയിലെ യുദ്ധത്തിന് ശേഷം ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം അംഗീകരിക്കില്ലെന്ന് ബ്രിട്ടനിലെ ഇസ്രഈല്‍ അംബാസിഡര്‍. സ്വതന്ത്രമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവണമെന്ന ബ്രിട്ടന്‍ സര്‍ക്കാരിന്റെയും ഐക്യരാഷ്ട്രസഭയുടെയും നിലപാടില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് സിപി ഹോട്ടോവെലി സ്‌കൈ ന്യൂസിനോട് പറഞ്ഞു.

യു.കെ സര്‍ക്കാര്‍ ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷങ്ങളും യുദ്ധത്തിന്റെ വ്യാപ്തിയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രാധാന്യവും വിവരിച്ചപ്പോള്‍ ‘തീര്‍ത്തും ഇല്ല’ എന്നാണ് അംബാസിഡര്‍ അധികാരികള്‍ക്ക് നല്‍കിയ മറുപടി.

ഫലസ്തീനികള്‍ ഇസ്രഈലിന് സമീപത്തായി ഒരു രാഷ്ട്രം പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കാത്തതിനാലാണ് ഓസ്ലോ ഉടമ്പടി പരാജയപെട്ടതെന്നുള്ള സത്യം ലോകം മനസിലാക്കണമെന്നും, ഉടമ്പടിയെ കുറിച്ച് കൃത്യമായ ധാരണ ഇസ്രഈല്‍ ഭരണകൂടത്തിന് ഉണ്ടെന്നും സിപി ഹോട്ടോവെലി പറഞ്ഞു. ഫലസ്തീനികള്‍ നദി മുതല്‍ കടല്‍ വരെ ഒരു രാഷ്ട്രം വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഹോട്ടോവെലി കൂട്ടിച്ചേര്‍ത്തു.

1993ല്‍ ഇസ്രഈലും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും (പി.എല്‍.ഒ) ഒപ്പുവെച്ച ഓസ്ലോ ഉടമ്പടി ഇരുരാജ്യങ്ങളുടെയും സമാധാനവും സഹവര്‍ത്തിത്തവും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഫലസ്തീന്‍ ജനതയ്ക്ക് സ്വയം നിര്‍ണായക അവകാശമുണ്ടെന്നുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് ഉടമ്പടി രൂപപ്പെട്ടത്.

ചര്‍ച്ചക്കിടെ ഓസ്ലോ ഉടമ്പടിയും ദ്വിരാഷ്ട പരിഹാരമെന്ന ഫോര്‍മുല ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത ഒന്നാണെന്നും ആയതിനാല്‍ എന്തിനാണ് ലോക രാഷ്ട്രങ്ങള്‍ ഇതില്‍ ഭ്രമിക്കുന്നതെന്നും ഹോട്ടോവെലി ചോദിച്ചിരുന്നു.

എന്നാല്‍ ഇസ്രഈല്‍ അംബാസിഡറുടെ നിലപാടിന് മറുപടിയായി ഹോട്ടോവെലിയുടെ പ്രസ്താവന നിരാശാജനകമാണെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍. ഹോട്ടോവെലിയുടെ പരാമര്‍ശങ്ങളോട് താന്‍ യോജിക്കുന്നില്ലെന്ന് യു.കെ പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു.
ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം തീര്‍പ്പാവണമെങ്കില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് നടക്കേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Israeli ambassador will not accept two-state solution

We use cookies to give you the best possible experience. Learn more