| Monday, 13th June 2022, 7:00 pm

യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തി ഇസ്രഈല്‍ അംബാസഡര്‍; അന്താരാഷ്ട്ര തലത്തില്‍ സഹകരിക്കുമെന്ന് പ്രസ്താവന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഇന്ത്യയിലെ ഇസ്രഈല്‍ അംബാസഡര്‍ നാവൊര്‍ ഗിലൊന്‍ (Naor Gilon) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയായിരുന്നു ലഖ്‌നൗവില്‍ വെച്ച് കൂടിക്കാഴ്ച നടന്നത്.

പ്രധാനപ്പെട്ട ചില മേഖലകളില്‍ ഉത്തര്‍പ്രദേശും ഇസ്രഈലും തമ്മില്‍ അന്താരാഷ്ട്ര പാര്‍ട്ണര്‍ഷിപ്പിനെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി നാവൊര്‍ ഗിലൊന്‍ പ്രതികരിച്ചു.

”മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഞങ്ങളുടെ ഡെലിഗേഷന്‍ വളരെ നല്ലൊരു കൂടിക്കാഴ്ച നടത്തി. വെള്ളം, കൃഷി തുടങ്ങിയ മേഖലകളിലും കൊവിഡ്, സുരക്ഷ എന്നീ വിഭാഗങ്ങളിലും അന്താരാഷ്ട്ര തലത്തില്‍ സഹകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു,” അംബാസഡര്‍ നാവൊര്‍ ഗിലൊന്‍ പറഞ്ഞു.

ഇസ്രഈലുമായി സഹകരിച്ച് സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായും ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി ഇന്ത്യ- ഇസ്രഈല്‍ ബന്ധം പുതിയ ഉയരങ്ങളിലെത്തിയെന്നും കൂടിക്കാഴ്ചക്ക് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി  പറഞ്ഞു

നിലവില്‍ ഇന്ത്യയും ഇസ്രഈലും സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരാണ്. ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച സഹകരണ ബന്ധങ്ങളാണുള്ളത്.

2021 നവംബറില്‍  ഇസ്രഈല്‍ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റും നരേന്ദ്ര മോദിയും തമ്മില്‍ ബ്രിട്ടനില്‍ വെച്ച് കൂടിക്കാഴ്ച നടന്നിരുന്നു.

ഇസ്രഈല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2017ലായിരുന്നു സന്ദര്‍ശനം. പിന്നാലെ 2018ല്‍  അന്നത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു.

1950ലായിരുന്നു ഇസ്രഈലിനെ രാജ്യമായി അംഗീകരിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Content Highlight: Israeli ambassador to India met with Uttar Pradesh CM Yogi Adityanath, discussed international partnership

Latest Stories

We use cookies to give you the best possible experience. Learn more