മനുഷ്യാവകാശങ്ങളെ കുറിച്ച് സംസാരിക്കാന്‍ റഷ്യ ആളല്ല; യു.എന്നില്‍ റഷ്യക്കെതിരെ ഇസ്രഈല്‍
World News
മനുഷ്യാവകാശങ്ങളെ കുറിച്ച് സംസാരിക്കാന്‍ റഷ്യ ആളല്ല; യു.എന്നില്‍ റഷ്യക്കെതിരെ ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th November 2023, 8:36 am

വാഷിങ്ടണ്‍: യു.എന്‍ ജനറല്‍ അസംബ്ലിയുടെ അടിയന്തര സെഷനില്‍ ഗസയിലെ ഐ.ഡി.എഫിന്റെ അധിനിവേശത്തെ സ്വയം പ്രതിരോധിക്കാനുള്ള കാരണമായി കാണാന്‍ സാധിക്കില്ലെന്ന് റഷ്യന്‍ നയതന്ത്രജ്ഞന്‍ വാസിലി നെബെന്‍സിയ.

എന്നാല്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ റഷ്യയ്ക്ക് അര്‍ഹതയില്ലെന്ന് ഇസ്രഈല്‍ തിരിച്ചടിച്ചു.

‘ഇസ്രഈലിന്റെ അധിനിവേഷത്തെ ഒരിക്കലും സ്വയം പ്രതിരോധമായി കാണാന്‍ സാധിക്കില്ല. കാരണം അവര്‍ക്ക് ഗസ മേഖലയില്‍ യാതൊരു അധികാരവുമില്ല.

അവര്‍ അധികാരം കൈവശപ്പെടുത്തുകയാണ് ചെയ്യുന്നത്. ഭീകരതക്കെതിരെ പോരാടാനുള്ള ഇസ്രഈലിന്റെ അവകാശം റഷ്യ നിഷേധിച്ചിട്ടില്ല.

എന്നാല്‍ അതിന് ഗസയിലെ സാധാരണ പൗരന്മാരോട് അല്ല പോരാടേണ്ടത്. നിരപരാധികളെ കൊല്ലുന്നത് നീതി പുനസ്ഥാപിക്കാന്‍ സഹായിക്കില്ലെന്ന് മറ്റാരെക്കാളും നന്നായി ജൂതന്മാര്‍ മനസ്സിലാക്കണം,’ യു.എന്‍ ജനറല്‍ അസംബ്ലിയുടെ അടിയന്തര സെഷനില്‍ നെബന്‍സിയ പറഞ്ഞു.

എന്നാല്‍ ഇസ്രഈലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശമാണ് റഷ്യ നിഷേധിക്കുന്നതെന്ന് ഇസ്രഈല്‍ ആരോപിച്ചു. ഉക്രൈനില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നടപടികളില്‍ നിന്നും ലോകശ്രദ്ധ തിരിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഇസ്രഈലി നയതന്ത്രജ്ഞന്‍ ഗിലാഡ് എര്‍ദന്‍ പറഞ്ഞു.

‘ റഷ്യന്‍ പ്രതിനിധി മനുഷ്യാവകാശങ്ങളെ കുറിച്ചും അന്താരാഷ്ട്ര നിയമങ്ങളെ കുറിച്ചും ഇസ്രഈലിനെ ധാര്‍മികത പഠിപ്പിക്കുന്നത് പരിഹാസ്യം നിറഞ്ഞതാണ്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും റഷ്യയെ പുറത്താക്കിയതാണ്.

അതുകൊണ്ട് ഞങ്ങളോട് പ്രസംഗിക്കാന്‍ പറ്റിയ അവസാനസ്ഥലം മോസ്‌കോ ആണ്,’ഇസ്രഈല്‍ നയതന്ത്രജ്ഞന്‍ ഗിലാഡ് ഏര്‍ദാന്‍ പറഞ്ഞു.

2022 ഏപ്രിലില്‍ ഉക്രൈന്‍-റഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് യു.എന്‍ ബോഡിയില്‍ നിന്നും മോസ്‌കോയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നിലവില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 9000 ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 3,700 പേരും കുട്ടികളാണ്.

Content Highlight: Israeli Ambassador against Russian Ambassador