| Wednesday, 14th February 2024, 2:44 pm

അൽ ജസീറയെ നിരോധിക്കാൻ നടപടികളുമായി ഇസ്രഈലി പാർലമെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: അൽ ജസീറയെ നിരോധിക്കാനുള്ള നീക്കവുമായി ഇസ്രഈൽ. മാധ്യമത്തിന്റെ ഒരു റിപ്പോർട്ടർ ഹമാസിന് വേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് പുതിയ നീക്കം.

ദേശീയ സുരക്ഷക്ക് അപകടകാരമാണെന്ന് പ്രതിരോധ മന്ത്രാലയത്തിന് തോന്നുന്ന മാധ്യമ സ്ഥാപനങ്ങളെ തത്കാലികമായി നിരോധിക്കുന്നതിന് അനുവാദം നൽകുന്ന ബില്ലിന് ഇസ്രഈലി പാർലമെന്റായ നെസറ്റിൽ നാലിനെതിരെ 25 വോട്ടുകൾക്ക് പാസാക്കി.

അൽജസീറയെ പ്രത്യേകം ലക്ഷ്യമിട്ട് അവതരിപ്പിച്ച നിയമം എന്നതിനാൽ ‘അൽ ജസീറ നിയമം’ എന്നാണ് ഇതിനെ പ്രദേശികമായി വിളിക്കുന്നത്.

അൽ ജസീറയുടെ റിപ്പോർട്ടർ മുഹമ്മദ്‌ വഷാഹ് തീവ്രവാദിയാണെന്ന് ഇസ്രഈലി സൈനിക വക്താവ് ആരോപിച്ചതിന് പിന്നാലെയാണ് നടപടി.

‘രാവിലെ അയാൾ അൽ ജസീറ ചാനലിലെ മാധ്യമപ്രവർത്തകനാണ്. വൈകുന്നേരം ഹമാസിലെ തീവ്രവാദിയും!’ വഷാഹ്‌ ആയുധം ഉപയോഗിക്കുന്നതായി കാണിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ലെഫ്റ്റനന്റ് കേണൽ അവിച്ചേ അഡ്രെ എക്‌സിൽ പോസ്റ്റ്‌ ചെയ്തു.

ഒക്ടോബർ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണത്തിന് മറുപടിയായി ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്ലോമോ കാർഹി ‘അൽ ജസീറ നിയമത്തിന്റെ’ കരട് രൂപപ്പെടുത്തിയത്.

നേരത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഗസ യുദ്ധത്തിന്റെ റിപ്പോർട്ടിങ്ങിന്റെ തോത് അൽ ജസീറ നെറ്റ്‌വർക്ക് കുറയ്ക്കണമെന്ന് ഖത്തർ സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഖത്തർ സർക്കാരിന്റെ ഫണ്ടിങ് ലഭിക്കുന്ന സ്വതന്ത്ര വാർത്താ നെറ്റ്വർക്കാണ് അൽ ജസീറ.

കഴിഞ്ഞ ദിവസം രണ്ട് അൽ ജസീറ ജീവനക്കാർക്ക് ഇസ്രഈലി വ്യോമാക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു.

Content Highlight: Israeli Al Jazeera claim triggers move to ban foreign media

We use cookies to give you the best possible experience. Learn more