| Monday, 9th December 2024, 7:57 am

സിറിയയിലെ ആയുധശേഖരങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ വ്യോമാക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌ക്കസ്: സിറിയയിലെ ആയുധശേഖരങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി ഇസ്രഈല്‍. ആഭ്യന്തര കലഹം രൂക്ഷമായ സിറിയ വിമതര്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇസ്രഈലിന്റെ വ്യോമാക്രമണം.

സുവൈദയിലെ ഖല്‍ഖല എയര്‍ബേസ്, ദാരാ ഗവര്‍ണറേറ്റിലെ സൈറ്റുകള്‍, ഡമസ്‌ക്കസിലെ മെസെഹ് എയര്‍ബേസ് എന്നിവിടങ്ങളിലെ ആയുധ ഡിപ്പോകളിലാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്. സിറിയയിലെ ആയുധങ്ങള്‍ വിമതരുടെ കൈവശം എത്തുമെന്ന ഭയത്തിലാണ് ഇസ്രഈല്‍ ആക്രമണം നടത്തിയതെന്ന് ദി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

കാഫ്ര്‍ സൗസയുടെ സമീപത്തുള്ള പ്രധാന സുരക്ഷാ മേഖലയായ മെസെഹ് എയര്‍ബേസിലും ഡമസ്‌ക്കസിലെ സയന്റിഫിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ ഒരു ബ്രാഞ്ചിലും ഇന്റലിജന്‍സ് ആന്റ് കസ്റ്റംസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടുന്ന തലസ്ഥാനത്തെ സെന്‍ട്രല്‍ സ്‌ക്വയറിലും ആക്രമണം നടന്നിട്ടുണ്ട്.

സിറിയയിലെ അത്യാധുനിക ആയുധങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഐ.ഡി.എഫ് പറഞ്ഞു. തങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള സംഘടനകളിലേക്ക് ആയുധങ്ങള്‍ എത്താതിരിക്കാന്‍ ശ്രമിക്കുകയാണെന്നും ഐ.ഡി.എഫ് പ്രതികരിച്ചു.

ഇതിനുപുറമെ ഗോലാന്‍ കുന്നുകളുടെ നിയന്ത്രിത പ്രദേശങ്ങളുടെ ഒരു ഭാഗം ഇസ്രഈല്‍ കൈവശപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഗോലാന്‍ കുന്നുകളിലെ ഒരു ബഫര്‍ സോണ്‍ പിടിച്ചെടുക്കാന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവ് നല്‍കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലിന്റെ അതിര്‍ത്തിയില്‍ ശത്രുക്കള്‍ക്ക് ഇടം നല്‍കില്ലെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം സിറിയയിലെ ആഭ്യന്തര കലാപത്തില്‍ ഉടന്‍ ഇടപെടില്ലെന്നാണ് യു.എസ് അറിയിച്ചത്. സ്ഥിതി നിരീക്ഷിക്കുകയാണെന്നും യു.എസ് അറിയിച്ചിട്ടുണ്ട്. സിറിയ പിടിച്ചെടുത്ത എച്ച്.ടി.എസിനെയും രാജ്യത്തെ ജനങ്ങളെയും താലിബാന്‍ അഭിനന്ദിച്ചു.

ഇന്നലെ (ഞായറാഴ്ച) സിറിയന്‍ പ്രസിഡന്റ് രാജ്യം വിട്ടുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആസാദ് എവിടെയാണെന്നതില്‍ വ്യക്തതയില്ലെന്നും മന്ത്രാലയം പറഞ്ഞിരുന്നു.

ഒരാഴ്ച്ചയുടെ ഇടവേളയില്‍ സിറിയയിലെ മൂന്ന് സുപ്രധാന നഗരങ്ങളാണ് ‘വിമതസംഘം’ പിടിച്ചടക്കിയത്. ആദ്യം സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോയും പിന്നീട് ഹമ നഗരവും പിന്നീട് ഒരു ദിവസത്തെ പോരാട്ടത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഹോംസിന്റെ പൂര്‍ണ നിയന്ത്രണവും വിമതര്‍ കൈക്കലാക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദ് രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സിറിയ-തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പാണ് എച്ച്.ടി.എസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്രീല്‍ അല്‍-ഷാം.

സിറിയയും അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങളെല്ലാം എച്ച്.ടി.എസിനെ ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.

Content Highlight: Israeli airstrikes target Syria weapons depots

We use cookies to give you the best possible experience. Learn more