ഇസ്രഈല്‍ വ്യോമാക്രമണം; ലബനന്‍ അതിര്‍ത്തിയില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
World News
ഇസ്രഈല്‍ വ്യോമാക്രമണം; ലബനന്‍ അതിര്‍ത്തിയില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th October 2023, 8:52 am

ടെല്‍ അവീവ്: തെക്കന്‍ ലബനന്‍ അതിര്‍ത്തിയില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘത്തിന് നേരെ ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സിന്റെ വീഡിയോഗ്രാഫറായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്.

ലൈവ് വീഡിയോ സിഗ്‌നല്‍ നല്‍കുന്ന തെക്കന്‍ ലെബനനിലെ റോയിട്ടേഴ്സ് സംഘത്തിന്റെ ഭാഗമായിരുന്നു ഇസാം അബ്ദുള്ള. ഇസ്രഈല്‍- ഹമാസ് യുദ്ധമുഖത്തുള്ള ദൃശ്യങ്ങളായിരുന്നു അബ്ദുള്ളയും സംഘവും നല്‍കിയിരുന്നത്.

ആറ് പേരടങ്ങുന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘത്തിന് നേരെയാണ് അക്രമമുണ്ടായത്. അക്രമണത്തില്‍ എ.എഫ്.പിയുടെയും അല്‍ ജസീറയുടെയും ലേഖകരുള്‍പ്പെടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

സംഭവത്തെ അപലപിച്ച് റോയിട്ടേഴ്‌സ് പ്രസ്താവനയിറക്കി. ഇസാമിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നുവെന്നും റോയിട്ടേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരായ തേര് അല്‍ സുദാനി, മഹേര്‍ നസേ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായും റോയിട്ടേഴ്‌സ് അറിയിച്ചു.

അല്‍ജസീറ ടെലിവിഷനിലെ ജീവനക്കാരായ എല്ലി ബ്രഖ്യ, കാര്‍മന്‍ ജൗഖദാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അസോസിയേറ്റഡ് പ്രസ് പരിക്കേറ്റ ജീവനക്കാരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Content Highlight: Israeli airstrikes, Reuters journalist killed on Lebanon border