ജെറുസലേം: അധിനിവേശ ഗസയിലേക്ക് സഹായമെത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ വാഹന വ്യൂഹങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്ത് ഇസ്രഈല്‍ സൈന്യം. ആക്രമണത്തില്‍ യു.എന്‍ സംഘത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും എന്നാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഗസയിലെ Unrwa അഫയേഴ്‌സ് ഡയറക്ടര്‍ തോമസ് വൈറ്റ് പറഞ്ഞു.
വടക്കന്‍ ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം അനുവദിച്ച റൂട്ടിലൂടെ മടങ്ങിയ യു.എന്‍ സഹായ വാഹനങ്ങള്‍ക്ക് നേരെയാണ് സൈനികര്‍ വെടിയുതിര്‍ത്തതെന്ന് തോമസ് വൈറ്റ് ചൂണ്ടിക്കാട്ടി. തങ്ങളുടെ അന്താരാഷ്ട്ര വാഹനവ്യൂഹങ്ങളിലെ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്നും, പക്ഷെ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വൈറ്റ് കൂട്ടിച്ചേര്‍ത്തു.
യുദ്ധമേഖലയിലെ സഹായ പ്രവര്‍ത്തകരെ ഒരിക്കലും സൈന്യം ലക്ഷ്യം വെക്കരുതെന്ന് അദ്ദേഹം ഇസ്രഈല്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി. അതേസമയം ആക്രമണത്തില്‍ ഇസ്രഈല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ച ലോകാരോഗ്യ സംഘടനയുടെ ജീവനക്കാരെ ഗസയിലേക്ക് കൊണ്ടുപോവുകയായിരുന്ന മെഡിക്കല്‍ വാഹനവ്യൂഹത്തിന് നേരെ ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ത്തതായി യു.എന്‍ ഏജന്‍സി മേധാവി മാധ്യമങ്ങളെ അറിയിച്ചിരുന്നു.
അപകട സാധ്യതയുണ്ടായിട്ടും ആക്രമണത്തിന് വിധേയരായ ഡബ്ല്യു.എച്ച്.ഒ അംഗങ്ങളും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ ഉദ്യോഗസ്ഥരും, വടക്കന്‍ ഗസയിലെ അല്‍ അഹ്ലി ആശുപത്രിയിലേക്ക് മെഡിക്കല്‍ സപ്ലൈസ് എത്തിക്കാനുള്ള ദൗത്യത്തിലായിരുന്നുവെന്ന് ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു.
സൈനിക ചെക്ക്പോസ്റ്റുകളില്‍ വെച്ച് ഐ.ഡി.എഫ് സൈനികര്‍ പി.ആര്‍.സി.എസ് ആരോഗ്യ പ്രവര്‍ത്തകരോട് അപമാനകരവും അശ്ലീലവുമായ രീതിയില്‍ പെരുമാറിയതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രഈല്‍ സൈനികര്‍ വരുത്തിയ കാലതാമസത്തിന്റെ ഫലമായി ചികിത്സയിലിരുന്ന രോഗി മരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മധ്യ ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും, നിലവില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ ഫലസ്തീനികളുടെ മരണസംഖ്യ 21,400 ആയി വര്‍ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Content Highlight: Israeli airstrikes against UN aid convoys