| Friday, 3rd January 2025, 2:05 pm

വെടിനിർത്തൽ കരാർ ചർച്ചകൾ തുടരാൻ നെതന്യാഹു അനുമതി നൽകിയതിന് പിന്നാലെ ഗസയിൽ ഇസ്രഈൽ വ്യോമാക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: വെടിനിർത്തൽ കരാർ സംബന്ധിച്ച് ഖത്തറിൽ ചർച്ചകൾ തുടരാൻ നെതന്യാഹു പ്രതിനിധി സംഘത്തിന് അനുമതി നൽകിയതിന് പിന്നാലെ ഗസയിൽ ഇസ്രഈൽ വ്യോമാക്രമണം. സംഭവത്തെ തുടർന്ന് കുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു. ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇസ്രായേൽ പ്രഖ്യാപിച്ച മാനുഷിക മേഖലയ്ക്കും നേരെയാണ് ഇസ്രഈൽ വ്യോമാക്രമണം നടത്തിയത്.

അതേസമയം ഖത്തറിൽ വെടിനിർത്തൽ ചർച്ചകൾ തുടരാൻ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു പ്രതിനിധി സംഘത്തിന് അനുമതി നൽകി. മൊസാദ്, ഷിൻ ബെറ്റ്, സൈന്യം എന്നിവരടങ്ങുന്ന പ്രതിനിധി സംഘം വെള്ളിയാഴ്ച പുറപ്പെടുമെന്ന് ഇസ്രഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 15 മാസത്തെ സംഘർഷത്തിൽ യു.എസ് നേതൃത്വത്തിലുള്ള വെടിനിർത്തൽ ചർച്ചകൾ തുടർച്ചയായി പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ഒരു ഘട്ടത്തിൽ, പുരോഗതിയില്ലാത്തതിനാൽ ഖത്തർ മധ്യസ്ഥ ശ്രമങ്ങൾ നിർത്തിവെച്ചിരുന്നു. മൊസാദ് രഹസ്യാന്വേഷണ ഏജൻസിയുടെയും സൈന്യത്തിൻ്റെയും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.

2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിലേക്ക് ഹമാസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യാക്രമണത്തിന് ശേഷമാണ് യുദ്ധം ആരംഭിച്ചത്, അതിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കി ഗസയിലേക്ക് ഹമാസ് കൊണ്ടുപോവുകയും ചെയ്തിരുന്നു.

ഏകദേശം 13 മാസം മുമ്പ് ഗസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം, ഇസ്രായേൽ സൈന്യം 43,000 ഫലസ്തീനികളെ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ 100,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും പതിനായിരത്തിലധികം പേരെ കാണാതാവുകയും നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന് മരിച്ചതായും അനുമാനിക്കുന്നു.

ആക്രമണത്തിൽ കുറഞ്ഞത് 17,000 കുട്ടികളും 12,000 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ഗസ ആസ്ഥാനമായുള്ള സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു.

Content Highlight: Israeli airstrike hits Gaza as Benjamin Netanyahu authorises delegation to continue negotiations in Qatar towards ceasefire deal

We use cookies to give you the best possible experience. Learn more