ഫലസ്തീനെതിരെയുള്ള ഇസ്രഈല്‍ ആക്രമണം; സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്ക് മുന്നില്‍ പ്രതിഷേധിച്ച് യു.എസിലെ ജൂതര്‍
World News
ഫലസ്തീനെതിരെയുള്ള ഇസ്രഈല്‍ ആക്രമണം; സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്ക് മുന്നില്‍ പ്രതിഷേധിച്ച് യു.എസിലെ ജൂതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th November 2023, 3:33 pm

വാഷിങ്ടണ്‍: ഒരു മാസത്തോളമായി ഇസ്രഈല്‍ സൈന്യം ഫലസ്തീനെതിരെ നടത്തുന്ന വംശീയാതിക്രമത്തില്‍ ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്ക് മുന്നില്‍ പ്രതിഷേധിച്ച് യു.എസിലെ ജൂത പ്രവര്‍ത്തകര്‍. ഗസയിലെ സിവിലിയന്മാര്‍ക്കെതിരെ നടത്തുന്ന അതിക്രമം ഉടനെ നിര്‍ത്തണമെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. യു.എസിലെ ജൂത വോയ്‌സ് ഫോര്‍ പീസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം.

ജൂതന്മാര്‍ ഇപ്പോള്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നുവെന്നും എന്നാല്‍ തങ്ങളുടെ ആവശ്യം ജൂതരുടെ പേരിലാണെന്ന രീതിയില്‍ എടുക്കേണ്ടെന്നും പറഞ്ഞുകൊണ്ടുള്ള മുദ്രവാക്യങ്ങള്‍ എഴുതിയ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. നിലവില്‍ യു.എസില്‍ നടക്കുന്ന ഏറ്റവും പുതിയതും ശ്രദ്ധയാകര്‍ഷിച്ചതുമായ പ്രതിഷേധമായിരുന്നു ഇത്.

കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് പ്രകടനക്കാര്‍ വാഷിങ്ടണ്‍ ഡി.സിയില്‍ ഒത്തുകൂടുകയും ഗസ മുനമ്പില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇസ്രഈലിനുള്ള യു.എസ് പിന്തുണക്കുന്ന നയത്തെ പ്രതിഷേധക്കാര്‍ അപലപിക്കുകയും ചെയ്തു.

ഒക്ടോബര്‍ അവസാനത്തിലും ആയിരക്കണക്കിന് ആളുകള്‍ ഇതേ ആവശ്യങ്ങളുമായി മാന്‍ഹട്ടനിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷന്‍ കൈവശപ്പെടുത്തിയിരുന്നു. യു.എസ് ജൂത സംഘടനകളില്‍ ഉള്‍പ്പെട്ടവരടക്കം ആയിരക്കണക്കിന് ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ ബ്രൂക്ലിന്‍ പാലം അടച്ചുപൂട്ടുകയും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

നിലവിലെ സ്ഥിതിയനുസരിച്ച് ഗസയില്‍ 4600 ഓളം സ്ത്രീകള്‍ക്കും 380 കുട്ടികള്‍ക്കും അടിയന്തര വൈദ്യസഹായം ആവശ്യമുണ്ട്. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 2,600 സ്ത്രീകളും 4,104 കുട്ടികളും കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ 67 ശതമാനം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും കണക്കാക്കപ്പെടുന്നു.

Content Highlight: Israeli aggression against Palestine; Jews in the US protest in front of the Statue of Liberty