തെഹ്‌രാന്‍: അല്‍ ഖ്വയ്ദയുടെ രണ്ടാമത്തെ കമാന്‍ഡര്‍ അബ്ദുള്ള അഹമ്മദ് അബ്ദുള്ളയെ ഇറാനില്‍ വെച്ച് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ വകവരുത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരം ആഗസ്റ്റ് മാസത്തില്‍ അല്‍ഖ്വയ്ദ നേതാവിനെ വധിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
1998 ല്‍ ആഫ്രിക്കയിലെ രണ്ട് യു.എസ് എംബസികളിലേക്ക് നടത്തിയ ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളിലൊരാളാണ് കൊല്ലപ്പെട്ട അബ്ദുള്ള അഹമ്മദ് അബ്ദുള്ള. കെനിയയിലെയും ടാന്‍സാനിയയിലെയും യു.എസ് എംബസികളിലേക്ക് നടത്തിയ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് പട്ടികയില്‍ അബ്ദുള്ള അഹമ്മദ് അബ്ദുള്ള ഉള്‍പ്പെട്ടിട്ടുണ്ട്.
അബു മുഹമ്മദ് അല്‍ മസ്‌റി എന്ന പേരിലായിരുന്നു ഇദ്ദേഹം അറിയപ്പെട്ടത്. ഇപ്പോഴത്തെ അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവഹ്‌രിക്ക് ശേഷം ഇദ്ദേഹമായിരുന്നു അല്‍ ഖ്വയ്ദ തലവനാവേണ്ടിയിരുന്നത്.
യു.എസ് എംബസി ആക്രമണത്തിന്റെ വാര്‍ഷികമായ ആഗസ്റ്റ് ഏഴിനാണ് ഇയാളെ കൊലപ്പെടുത്തിയത്. നീക്കത്തിനു പിന്നില്‍ അമേരിക്കയുടെ പങ്കെന്താണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതേസമയം വര്‍ഷങ്ങളായി അബ്ദുള്ള ഇറാനില്‍ അമേരിക്കയുടെ നിരീക്ഷണ വലയത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
അബ്ദുള്ളയെ കൂടാതെ ഇദ്ദേഹത്തിന്റെ മകളെയും കൊലപ്പെടുത്തിയിട്ടുണ്ട്. മുന്‍ അല്‍ഖ്വയ്ദ് നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസാ ബിന്‍ ലാദന്റെ ഭാര്യയായിരുന്നു ഇവര്‍. ഹംസ ബിന്‍ ലാദന്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
2003 മുതല്‍ ഇറാന്റെ കസ്റ്റഡിയിലായിരുന്നു അബ്ദുള്ള അഹമ്മദ് അബ്ദുള്ള. എന്നാല്‍ 2015 മുതല്‍ തെഹ്‌രാനിലെ ഒരു പ്രാന്ത പ്രദേശത്ത് ഇയാള്‍ സ്വതന്ത്ര്യമായി കഴിയുകയായിരുന്നെന്ന് പേരുവെളിപ്പെടുത്താത്ത യു.എസ് അധികൃതര്‍ പറഞ്ഞു. ഇറാനില്‍ വെച്ച് അമേരിക്കക്കെതിരെ ഇയാള്‍ ആക്രമണത്തിന് പദ്ധതിയിട്ടേക്കാമെന്ന് അമേരിക്കന്‍ അധികൃതര്‍ സംശയിച്ചിരുന്നു. അതേസമയം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനോട് അമേരിക്കന്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Israeli agents killed al-Qaeda’s No. 2 in Iran in August report says