| Thursday, 18th January 2024, 7:16 pm

ഗസ വംശഹത്യയിലെ മൗനം; ജര്‍മന്‍ പ്രസാധകരുമായുള്ള ബന്ധം വേര്‍പ്പെടുത്തി ബോസ്നിയന്‍ എഴുത്തുകാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ വംശഹത്യയിലെ തന്റെ ജര്‍മന്‍ പ്രസാധകരുടെ മൗനത്തില്‍ പ്രതിഷേധിച്ച് ബോസ്നിയന്‍ എഴുത്തുകാരി ലാന ബസ്താസിക് ജര്‍മന്‍ പ്രസാധകരായ എസ് ഫിഷര്‍ വെര്‍ലാഗുമായുള്ള ബന്ധമാണ് വിച്ഛേദിച്ചു. സാമ്പത്തികമായി പ്രതിസന്ധിയിലാക്കുമെങ്കിലും അത് തന്റെ ധാര്‍മികമായ കടമയാണെന്നും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.

‘എന്റെ അടുത്ത നോവലിന്റെ ജര്‍മന്‍ വിവര്‍ത്തനത്തിലൂടെ എനിക്ക് ലഭിക്കുമായിരുന്ന അഡ്വാന്‍സ് എന്റെ മറ്റ് പത്തൊന്‍പത് വിവര്‍ത്തനങ്ങളേക്കാള്‍ വലുതാണ്. ഒരു ജര്‍മന്‍ വിവര്‍ത്തനം പുതിയ വായനകള്‍, പുസ്തക മേളകള്‍ എന്നിങ്ങനെയുള്ള വലിയ സാധ്യതകളാണ് എഴുത്തുകള്‍ക്ക് നല്‍കുന്നത്. എഴുത്തുകാര്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത് ഇങ്ങനെയൊക്കെയാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായ തനിക്ക് ഇപ്പോള്‍ പുതിയ ജോലിയുടെ തന്നെ ആവശ്യമുണ്ട്’. ഉപജീവനത്തെ ബാധിച്ചാലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ബസ്താസിക് പറഞ്ഞു.

‘എനിക്ക് ഒരു കരിയര്‍ വേണമെന്നുള്ളതുകൊണ്ടല്ല ഞാന്‍ എഴുതാന്‍ തുടങ്ങിയത്. സംഘര്‍ഷഭരിതമായ പ്രദേശത്ത് നിന്നുള്ള എന്റെ അനുഭവങ്ങളാണ് എന്നെ എഴുത്തുകാരിയാക്കിയത്’. 1940-കളില്‍ പീഡനത്തെത്തുടര്‍ന്ന് ക്രൊയേഷ്യയില്‍ നിന്ന് ബോസ്‌നിയയുടെയും ഹെര്‍സഗോവിനയുടെയും വടക്ക് ഭാഗത്തേക്ക് കുടിയേറിയവരാണ് ബാസ്റ്റാസിക്കിന്റെ കുടുംബം.

ഗാസയിലെ സാഹചര്യത്തെക്കുറിച്ച് നിലപാട് സ്വീകരിക്കാത്തതിന് എസ് ഫിഷര്‍ വെര്‍ലാഗിനെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ജര്‍മനിയിലെ പലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ക്കെതിരെയുള്ള സെന്‍സര്‍ഷിപ്പിന്റെ ഭാഗമാണ് അവരുടെ മൗനം എന്ന് അവര്‍ ആരോപിച്ചു.

ഇസ്രഈലില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പ്രസാധകര്‍ ഗസയുടെ വിഷയത്തില്‍ മൗനം പാലിക്കുന്നത് വിരോധാഭാസം ആണെന്ന് അവര്‍ കുറ്റപ്പെടുത്തി. ജര്‍മനിയുടെ സാംസ്‌കാരിക മേഖലയില്‍ ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തിലാണ് ബസ്താസിക്കിന്റെ ഈ പ്രഖ്യാപനം.

Content Highlight: Bosnian writer breaks ties with German publisher due to Gaza silence

We use cookies to give you the best possible experience. Learn more