| Monday, 8th January 2024, 9:15 am

ഹിസ്ബുള്ളയുമായി യുദ്ധം ചെയ്താൽ ഇസ്രഈൽ വിജയിക്കില്ല; യു.എസ് ഭയക്കുന്നതായി വാഷിങ്ടൺ പോസ്റ്റ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഗസയിൽ ഹമാസിനെതിരെയും ലെബനനിൽ ഹിസ്ബുള്ളക്കെതിരെയും രണ്ടിടത്തായി യുദ്ധം ചെയ്താൽ ഇസ്രഈൽ സേനക്ക് വിജയിക്കാൻ സാധിക്കില്ലെന്ന് യു.എസിലെ ഡിഫൻസ്‌ ഇന്റലിജൻസ് ഏജൻസി (ഡി.ഐ.എ) വിലയിരുത്തുന്നതായി വാഷിങ്ടൺ പോസ്റ്റ്‌.

ഒക്ടോബറിൽ ഗസയിൽ യുദ്ധം ആരംഭിച്ചത് മുതൽ തന്നെ ഹിസ്ബുള്ളക്കെതിരെയും ഇസ്രഈൽ സൈന്യം വെടിവെപ്പ് നടത്തുന്നുണ്ട്.

ലെബനൻ അതിർത്തിയിൽ നേരത്തെ വെടിവെപ്പ് ചെറിയ തോതിലായിരുന്നെങ്കിലും, ലെബനനിൽ വെച്ച് ഹമാസിന്റെ സൈനിക തലവൻ അൽ അരൂരി കൊല്ലപ്പെട്ടതിന് മറുപടിയായി ഇസ്രഈലി ഇന്റലിജൻസ് കേന്ദ്രം ഹിസ്‌ബുള്ള മിസൈൽ ആക്രമണത്തിൽ തകർത്തിരുന്നു.

ലെബനൻ അതിർത്തിയിലെ സുരക്ഷാ സാഹചര്യങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുമെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നെങ്കിലും മറ്റൊരു യുദ്ധം ആരംഭിക്കുന്നതിനെതിരെ സ്വകാര്യമായി അമേരിക്ക താക്കീത് ചെയ്തതായി വാഷിങ്ടൺ പോസ്റ്റ്‌ പറയുന്നു.

യുദ്ധമില്ലാത്തപ്പോൾ താരതമ്യേനെ ചെറിയ സൈന്യമാണ് ഇസ്രഈലിനുള്ളത്. യുദ്ധം നടക്കുമ്പോൾ റിസർവിസ്റ്റുകൾ സൈന്യത്തിനൊപ്പം ചേരും. ഒരു രാജ്യത്തിന്റെ സ്ഥിരം സൈന്യത്തിന്റെ ഭാഗമല്ലാത്ത, എന്നാൽ യുദ്ധം വരുമ്പോൾ സജ്ജരാകുന്ന സൈനികരെയാണ് റിസർവിസ്റ്റുകൾ എന്ന് വിളിക്കുന്നത്.

ഹമാസുമായുള്ള യുദ്ധം ആരംഭിച്ചപ്പോൾ 3,60,000 റിസർവിസ്റ്റുകളെയാണ് ഇസ്രഈൽ സേന വിളിപ്പിച്ചത്.

ഗസയിലേക്ക് വിന്യസിക്കുന്നത് തടയുന്നതിന് ഇസ്രഈൽ സൈന്യത്തിന്റെ മൂന്നിലൊന്നിനെയും ലെബനൻ അതിർത്തിയിൽ തളച്ചിടുവാൻ തങ്ങളുടെ സേനക്ക് കഴിഞ്ഞുവെന്ന് നവംബറിൽ ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്രുല്ല അവകാശപ്പെട്ടിരുന്നു.

ഇസ്രഈൽ സേനയ്ക്ക് നേരെയുള്ള ഹിസ്ബുള്ളയുടെ തുടർച്ചയായ ആക്രമണങ്ങൾ ശത്രുക്കളുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തിന്റെ മനോവീര്യം ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ രാഷ്ട്രീയ ഭാവി സംരക്ഷിക്കുവാൻ നെതന്യാഹു ഹിസ്ബുള്ളയെ ആക്രമിക്കുവാൻ സാധ്യതയുണ്ടെന്ന് യു.എസിലെ ഉദ്യോഗസ്ഥർ ഭയക്കുന്നതായി വാഷിങ്ടൺ പോസ്റ്റ് പറയുന്നു.

ഹിസ്ബുള്ളയെ പ്രധാനമായും പിന്തുണയ്ക്കുന്ന ഇറാനെയും പിന്നാലെ യു.എസിനെയും ഇത് യുദ്ധത്തിലേക്ക് വലിച്ചിഴക്കും എന്നാണ് യു.എസിന്റെ ഭയം.

നിലവിലെ സംഘർഷം വ്യാപിക്കുന്നത് തടയാൻ തങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ജോർദാനിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു.

Content Highlight: Israel would not win war with Hezbollah – US officials

We use cookies to give you the best possible experience. Learn more