ജറുസലേം: ജറുസലേമില്‍ ഫലസ്തീന്‍ പൗരന്റെ റെസിഡന്റ് പെർമിറ്റ് പിന്‍വലിച്ച് ഇസ്രഈൽ സര്‍ക്കാര്‍. ഹമാസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് മജീദ് അല്‍ ജുബെ എന്ന യുവാവിന്റെ താമസാവകാശം സര്‍ക്കാര്‍ റദ്ദാക്കിയത്.
പരിശോധനകൾക്കും ചോദ്യം ചെയ്യലിനും ശേഷമാണ് തീരുമാനമെടുത്തതെന്ന് ഇസ്രഈൽ ആഭ്യന്തരമന്ത്രി മോഷെ അര്‍ബെല്‍ പറഞ്ഞു. തീരുമാനം അറ്റോര്‍ണി ജനറല്‍ ഗലി ബഹരവ് മിയാറ അംഗീകരിക്കുകയും ചെയ്തു.
അഞ്ച് കുട്ടികളുടെ പിതാവായ ജുബെ അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍അദ്‌ന അല്‍ഹംറ പള്ളിയിലെ ഇമാമാണ്. ഫലസ്തീന്‍ പൗരൻമാരുടെ താമസം റദ്ദാക്കണമെന്ന ഇത്തരത്തിലുള്ള നിരവധി ആവശ്യങ്ങള്‍ ഇസ്രയേല്‍ അധികാരികള്‍ പരിഗണിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ജറുസലേമിലെ മറ്റ് മൂന്ന് ഫലസ്തീന്‍ പൗരന്‍മാരുടെ താമസം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
കിഴക്കന്‍ ജറുസലേമില്‍ മാത്രം ഏകദേശം മൂന്ന് ലക്ഷത്തോളം പലസ്തീന്‍ പൗരന്‍മാരാണ് താമസിക്കുന്നത്. ഇസ്രഈൽ ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സ്ഥിര താമസ പെര്‍മിറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മാത്രമാണ് ജറുസലേമില്‍ താമസിക്കാന്‍ അവകാശമുള്ളത്.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടനുസരിച്ച് താമസ പെര്‍മിറ്റ് കൈവശമില്ലാത്ത ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് ഇസ്രഈൽ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും വലിയ നിയമനടപടികളാണ് നേരിടേണ്ടി വരുന്നത്.
കിഴക്കന്‍ ജറുസലേമില്‍ ഇസ്രഈൽ അധിനിവേശം ആരംഭിച്ച 1967നും 2016ന്റെ അവസാനത്തിനുമിടയില്‍ 14,595 ഫലസ്തീന്കളുടെ താമസ പെര്‍മിറ്റ് പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരുടെ പക്കല്‍ സ്ഥിര താമസത്തിനായുള്ള യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നാണ് പെര്‍മിറ്റ് റദ്ദാക്കിയതിനെ ആഭ്യന്തര മന്ത്രാലയം ന്യായീകരിച്ചത്.
ഇസ്രഈൽ പൗരന്‍മാരെ ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന ഫലസ്തീന്‍ പൗരന്‍മാരുടെ ബന്ധുകള്‍ക്കെതിരായ കൂട്ട ശിക്ഷാ നടപടി സമീപ വര്‍ഷങ്ങളിലായി റദ്ദാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടു.
വിശ്വാസ ലംഘനമുള്‍പ്പടെയുള്ള കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ പൗരത്വം റദ്ദാക്കാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന്
2022ല്‍ ഇസ്രഈൽ സുപ്രീം കോടതി വിധിച്ചിരുന്നു. തല്‍ഫലമായി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്ന പേരില്‍ അവര്‍ക്ക് രാജ്യത്ത് താമസിക്കാനുളള അവകാശം നഷ്ടപ്പെടും.
Contant Highlight: Israel withdraws residency of Palestinian man in Jerusalem