ഗസയിലെ വെടിനിര്‍ത്തലിന് പുതിയ നിര്‍ദേശങ്ങളുമായി ഇസ്രഈല്‍; മൂന്നുഘട്ടങ്ങളിലായുള്ള പദ്ധതി പുറത്തുവിട്ട് ബൈഡന്‍
World News
ഗസയിലെ വെടിനിര്‍ത്തലിന് പുതിയ നിര്‍ദേശങ്ങളുമായി ഇസ്രഈല്‍; മൂന്നുഘട്ടങ്ങളിലായുള്ള പദ്ധതി പുറത്തുവിട്ട് ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2024, 8:02 am

ടെല്‍ അവീവ്: ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രഈല്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മൂന്നുഘട്ടങ്ങളിലായി നടത്താന്‍ ഉദ്ദേശിക്കുന്ന നീക്കങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഖത്തര്‍ വഴി ഹമാസിന് ഇസ്രഈല്‍ കൈമാറിയെന്നാണ് ബൈഡന്‍ പറഞ്ഞത്.

യുദ്ധം അവസാനിപ്പിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുതെന്ന് ബൈഡന്‍ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടു. ഗസയിലെ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനും ഈ നിര്‍ദേശങ്ങള്‍ പുതിയ വഴിയൊരുക്കുമെന്നും ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്റെ വെളിപ്പെടുത്തല്‍.

പുതിയ ഫോര്‍മുലയിലെ ആദ്യഘട്ടത്തില്‍ ആറാഴ്ച നീളുന്ന സമ്പൂര്‍ണ വെടിനിര്‍ത്തലാണ് ഇസ്രഈല്‍ മുന്നോട്ടുവെക്കുന്നത്. നൂറുകണക്കിന് ഫലസ്തീന്‍ തടവുകാര്‍ക്കായി ഹമാസ് ബന്ദികളാക്കിയ സ്ത്രീകളെയും മുതിര്‍ന്ന പൗരന്മാരെയും പരിക്കേറ്റവരെയും ഇസ്രഈലിന് കൈമാറും. കൂടാതെ യുഎസ് പൗരന്മാരെയും മരണപ്പെട്ട ബന്ദികളുടെ മൃതശരീരങ്ങളും മോചിപ്പിക്കും. ഗസ അടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലെ ഐ.ഡി.എഫ് സൈനികരുടെ പിന്‍മാറ്റവും ആദ്യഘട്ടത്തിലുണ്ടാകും.

ഗസയിലേക്ക് ദിവസേന 600 ട്രക്കുകളില്‍ ഭക്ഷണവും മരുന്നും മറ്റു മാനുഷിക സഹായങ്ങളും എത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു. താത്കാലികമായി ഗസയില്‍ വാസസ്ഥലങ്ങള്‍ ഒരുക്കുമെന്നും ഇസ്രഈല്‍ നിര്‍ദേശത്തില്‍ പറയുന്നു.

ആദ്യഘട്ടം വിജയിച്ചാല്‍ അടുത്ത ഘട്ടത്തിലെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍ ഗസയില്‍ നിന്ന് പൂര്‍ണമായും ഇസ്രഈല്‍ സൈന്യം പിന്മാറുമെന്ന നിര്‍ദേശമാണുള്ളത്. മൂന്നാം ഘട്ടത്തില്‍ ഗസയുടെ പുനര്‍നിര്‍മാണ പദ്ധതികളായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ഈ കാലയളവില്‍ അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മെയ് ആദ്യവാരത്തില്‍ ഹമാസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് സമാനമാണ് ഇസ്രഈല്‍ കൈമാറിയ പുതിയ ഫോര്‍മുല. ഇസ്രഈലിന്റെ നീക്കത്തില്‍ ഹമാസ് അനുകൂലമായി പ്രതികരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36,284 ആയി ഉയര്‍ന്നു.

Content Highlight: Israel with new proposals for ceasefire in Gaza