| Tuesday, 14th November 2023, 10:31 pm

ഗസയില്‍ ഉടനെ ആണവായുധം പ്രയോഗിക്കും; പ്രസ്താവനയില്‍ നിന്ന് ഇസ്രഈൽ പിന്മാറണമെന്ന് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ഉപരോധം ഏര്‍പ്പെടുത്തിയ ഗസയില്‍ അണുബോംബ് വിക്ഷേപിക്കണമെന്ന ഇസ്രഈല്‍ ഭരണകൂടത്തിന്റെ തീരുമാനം നിരുത്തരവാദപരവും അസ്വസ്ഥജനകവുമാണെന്നും ചൈന. ഇസ്രഈലിന്റെ എല്ലാ ആണവ സൈറ്റുകളും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐ.എ.ഇ.എ) സുരക്ഷക്ക് കീഴിലാക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.

ആണവ പരീക്ഷണങ്ങളും മറ്റു ആയുധങ്ങളും ഇല്ലാത്ത മിഡില്‍ ഈസ്റ്റ് സോണ്‍ സ്ഥാപിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ കോണ്‍ഫറന്‍സില്‍ ചൈനയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ഗെങ് ഷുവാങ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്ന് ഇസ്രഈല്‍ പിന്മാറണമെന്നും ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള ഉടമ്പടിയില്‍ അതിവേഗത്തില്‍ ഭരണകൂടം ചേരണമെന്നും ചൈനയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ഇസ്രഈല്‍ ആണവ ഇതര സ്ഥാപനമായി മാറണമെന്നും ആയുധ ശേഖരങ്ങളും സൈറ്റുകളും ഐ.എ.ഇ.എക്ക് കീഴില്‍ ഉള്‍പ്പെടുത്തണമെന്നും ചൈന ചൂണ്ടിക്കാട്ടി.

ഗസയിലെ ആണവ പരീക്ഷണത്തെ കുറിച്ചുള്ള ഇസ്രഈല്‍ നേതാക്കളുടെ പ്രസ്താവനകള്‍ ചൈനയെ ഞെട്ടിച്ചുവെന്ന് യു.എന്‍ പ്രതിനിധിയായ ഗെങ് ഷുവാങ് പറഞ്ഞു. അത്തരം പരാമര്‍ശങ്ങളെ ലോക രാജ്യങ്ങള്‍ സാര്‍വത്രികമായി അപലപിക്കേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു.

ആണവായുധങ്ങളും മറ്റു നശീകരണ ആയുധങ്ങളും പശ്ചിമേഷ്യയില്‍ അരാജകത്വം സൃഷ്ട്ടിക്കുന്ന ഒരു പ്രധാന ഘടകങ്ങളാണെന്നും ഇത് പ്രാദേശിക സമാധാനത്തിനും സ്ഥിരതക്കും തുരങ്കം വെക്കുമെന്നും ഗെങ് ഷുവാങ് കൂട്ടിച്ചേര്‍ത്തു.

യു.എന്‍ സമ്മേളനത്തില്‍ ഇസ്രഈല്‍ നേതാക്കളുടെ പ്രസ്താവനയെ മറ്റു രാജ്യങ്ങളും അപലപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് ലോകത്തിന് ഭീഷണിയാണെന്നും ലോക രാഷ്ട്രങ്ങളുടെ നേതാക്കള്‍ വിശേഷിപ്പിച്ചു.

ഗസയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന ഭീഷണി ഫലസ്തീന്‍ ജനതയ്ക്കെതിരായ ഇസ്രഈല്‍ അധിനിവേശത്തിന്റെ തീവ്രതയെയും ക്രൂരതയെയും സ്ഥിരീകരിക്കുന്നുവെന്ന് ഒമാന്‍ യു.എന്‍ അംബാസിഡര്‍ മുഹമ്മദ് അല്‍ ഹസ്സന്‍ പറഞ്ഞു. വിഷയത്തില്‍ നിര്‍ണായക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയില്‍ ഇസ്രഈല്‍ അക്രമം തുടരുന്ന സാഹചര്യത്തില്‍ ഫലസ്തീനെ ആണവായുധ രഹിത മേഖലയായി മാറ്റേണ്ടത് എപ്പോഴത്തേക്കാളും പ്രസക്തമാണെന്ന് വിയന്നയിലെ അന്താരാഷ്ട്ര സംഘടനകളുടെ റഷ്യന്‍ പ്രതിനിധി മിഖായേല്‍ ഉലിയാനോവ് പറഞ്ഞു.
കൂടാതെ പശ്ചിമേഷ്യയില്‍ ആണവായുധ രഹിത മേഖല സ്ഥാപിക്കുമെന്ന വാഗ്ദാനം ഏകദേശം 30 വര്‍ഷത്തിന് ശേഷവും പാലിക്കപ്പെടാത്തതില്‍ മോസ്‌കോ അങ്ങേയറ്റം അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Israel will use nuclear weapons in Gaza; China should withdraw from the statement

We use cookies to give you the best possible experience. Learn more