| Saturday, 7th October 2023, 4:20 pm

തങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിലാണെന്ന് നെതന്യാഹു; ഗാസ മുനമ്പ് കേന്ദ്രീകരിച്ച് പ്രത്യാക്രമണം തുടങ്ങി ഇസ്രാഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ഇസ്രാഈലിനെതിരെ ഫലസ്തീന്‍ സംഘടനയായ ഹമാസ് യുദ്ധം പ്രഖ്യാപിച്ചതോടെ തിരിച്ചടിക്കുമെന്ന് ഇസ്രാഈല്‍. തങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിലാണെന്നും ഇതില്‍ വിജയിക്കുമെന്നും ഇസ്രഈല്‍ പധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. അടിയന്തര ഉന്നതതല പ്രതിരോധ യോഗത്തിന് ശേഷമാണ് ഇസ്രാഈലിന്റെ പ്രഖ്യാപനം.

ഗാസ മുനമ്പ് കേന്ദ്രീകരിച്ചാണ് ഈസ്രാഈലിന്റെ ആക്രമണം നടക്കുന്നത്. ഈ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഹമാസിന്റെ അക്രമത്തില്‍ 20 ഇസ്രാഈലര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 14 ഇടങ്ങളില്‍ ഹമാസ് ഗ്രൂപ്പുമായി ഏറ്റുമുട്ടലുകള്‍ തുടരുകയമാണെന്നും ഇസ്രാഈല്‍ സൈന്യം അറിയിച്ചതായും അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 300ല്‍ അധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

വാഹനങ്ങളും കെട്ടിടങ്ങളും റോക്കറ്റ് ആക്രമണത്തില്‍ കത്തുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വടക്കന്‍ ഇസ്രാഈലില്‍ നുഴഞ്ഞുകയറിയ ഹമാസ് തുടര്‍ച്ചയായ റോക്കറ്റ് ആക്രമണമാണ് നടത്തിയത്.

ജറുസലേമിലെ അല്‍ അക്‌സ മസ്ജിദിലെ ഇസ്രാഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മറുപടിയാണ് പുതിയ നീക്കമെന്ന് ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് അറിയിച്ചു. ലോകമെമ്പാടുമുള്ള ഫലസ്തീനികളോട് ഇസ്രാഈലിനെതിരെ പൊരുതുവാന്‍ ഹമാസ് വക്താവ് മുഹമ്മദ് ദൈഫ് ആഹ്വാനം ചെയ്തിരുന്നു.

ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കാനുള്ള ഏറ്റവും വലിയ യുദ്ധമായിരിക്കും ഇതെന്നും 5,000 റോക്കറ്റുകള്‍ ഇതിനകം തൊടുത്തുവിട്ടുവെന്നും ദൈഫ് പറഞ്ഞു. ജറുസലേമിലും തല്‍ അവീവിലുമുള്‍പ്പെടെ ഇസ്രാഈലിലുടനീളം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഗാസയും ഇസ്രാഈലും തമ്മിലുള്ള സൈനിക അതിര്‍ത്തികള്‍ കടന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രാഈലിലെ വിവിധ നഗരങ്ങളിലേക്ക് നുഴഞ്ഞ് കയറിയെന്ന് ഇസ്രാഈലി പത്രം ഹാറെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Israel will retaliate when the Palestinian organization Hamas declares war

We use cookies to give you the best possible experience. Learn more