ജീവിച്ചിരിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ നല്‍കിയാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് ഇസ്രഈല്‍; സാധ്യമല്ലെന്ന് ഹമാസ്
World News
ജീവിച്ചിരിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ നല്‍കിയാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് ഇസ്രഈല്‍; സാധ്യമല്ലെന്ന് ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2024, 7:38 am

കെയ്റോ: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ വിപുലമാക്കി പശ്ചിമേഷ്യന്‍ പ്രതിനിധികള്‍. ഇസ്രഈലിന്റെയും ഹമാസിന്റെയും പ്രധാന നേതാക്കള്‍, ഖത്തര്‍ അടക്കമുള്ള മധ്യസ്ഥര്‍ എന്നിവര്‍ ഈജിപ്ത്തിലെത്തി ഗസയിലെ സ്ഥിരമായ വെടിനിര്‍ത്തലിന് വേണ്ടി ചര്‍ച്ച നടത്തും.

ഗസയില്‍ ഹമാസ് ബന്ദികളാക്കിയ ജീവിച്ചിരിക്കുന്ന തടവുകാരുടെ പേരുവിവരങ്ങള്‍ നല്‍കിയാല്‍ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാം എന്നതാണ് ഇസ്രഈലിന്റെ നിലപാട്. എന്നാല്‍ ഇസ്രഈലിന്റെ ആവശ്യം ഹമാസ് നിരാകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഇസ്രഈല്‍ ഉന്നയിച്ച ആവശ്യം നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പ്രതിനിധികള്‍ മധ്യസ്ഥ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

48 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കരാറില്‍ തീരുമാനമാവുമെന്ന് ഹമാസ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയിലേക്കുള്ള ഭക്ഷ്യ-മറ്റു സഹായ വാഹന വ്യൂഹങ്ങള്‍ക്കെതിരെ ഇസ്രഈല്‍ ആക്രമണം നടത്തുന്നത് ചര്‍ച്ചയില്‍ ഹമാസ് പ്രധാന വിഷയമാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഹമാസിന്റെ വാദം ഇസ്രഈല്‍ തള്ളിക്കളഞ്ഞു. തിരക്കില്‍ പെട്ടതുകൊണ്ടാണ് ഫലസ്തീനികള്‍ മരിച്ചതെന്നും ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ത്തിട്ടില്ലെന്നും ഇസ്രഈല്‍ വക്താവ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. അതേസമയം ആറ് ആഴ്ചത്തെ വെടിനിര്‍ത്തലുമായി സംബന്ധിച്ച തീരുമാനങ്ങള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്ന് അമേരിക്കന്‍ വക്താക്കള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം റമദാന്‍ വ്രതം ആരംഭിക്കുന്നതിന് മുമ്പ് ഗസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മാര്‍ച്ച് 10 അല്ലെങ്കില്‍ മാര്‍ച്ച് 11ന് വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 30,320 പേര്‍ കൊല്ലപ്പെടുകയും 71,533 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Israel will participate in ceasefire talks if information on living prisoners in Gaza is provided