| Sunday, 11th October 2020, 5:11 pm

'ഞങ്ങളുടെ സൈനിക മേധാവിത്തം തന്നെയാണ് പ്രധാനം'; ഖത്തറിന്റെ നീക്കത്തെ തടയുമെന്ന് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: അമേരിക്കയില്‍ നിന്നും എഫ്-35 ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനായി ഖത്തര്‍ നീക്കം നടത്തവെ വിഷയത്തില്‍ പ്രതികരണവുമായി ഇസ്രഈല്‍. ഖത്തറിന്റെ നീക്കം തങ്ങള്‍ തടയുമെന്നും മേഖലയിലെ തങ്ങളുടെ സൈനിക മേധാവിത്തത്തിനു തന്നെയാണ് പ്രഥമ പരിഗണനയുമെന്നാണ് ഇസ്രഈല്‍ ഇന്റലിജന്‍സ് മന്ത്രി എലി കോഹന്‍ പ്രതികരിച്ചിരിക്കുന്നത്. ഇസ്രഈല്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.

എഫ്-35 ജെറ്റ് വിമാനങ്ങള്‍ വാങ്ങാനായി ഖത്തര്‍ അമേരിക്കക്ക് ഔദ്യോഗിക അപേക്ഷ നല്‍കിയതിനെ ഇസ്രഈല്‍ എതിര്‍ക്കുമോ എന്നായിരുന്നു. ഇന്റലിജന്‍സ് മന്ത്രിയോട് ചോദിച്ചത്.

‘ എതിര്‍ക്കും, ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ സുരക്ഷയ്ക്കും മേഖലയിലെ സൈനിക മേധാവിത്തത്തിനും തന്നെയാണ് പ്രാധാന്യം,’ ഇസ്രഈല്‍ ഇന്റലിജന്‍സ് മന്ത്രി എലി കോഹന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഖത്തര്‍ എഫ്-35 ജെറ്റുകള്‍ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. യു.എ.ഇ അമേരിക്കയുമായി ഈ യുദ്ധവിമാനം വാങ്ങുന്നതിന് ധാരണയായതിനു പിന്നാലെയാണ് ഖത്തര്‍ സമാന നീക്കം നടത്തിയത്.

ആഗസ്റ്റ് മാസത്തിലാണ് എഫ്-35 ജെറ്റുകള്‍ വാങ്ങുന്നതിന് യു.എ.ഇയും അമേരിക്കയും തമ്മില്‍ ധാരണയായത്. ഇസ്രഈലുമായി സമാധാന കരാറിനു ധാരണയായതിനു തൊട്ടു പിന്നാലെയായിരുന്നു യു.എ.ഇയുടെ നീക്കം.

എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ഇസ്രഈല്‍ സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. അള്‍ട്രാ അഡ്വാന്‍സ്ഡ് ജെറ്റ് ഫൈറ്റേഴ്‌സ് യു.എ.ഇ വാങ്ങുന്നത് മേഖലയിലെ സൈനിക തലത്തില്‍ ഇസ്രഈലിനുള്ള മേല്‍ക്കോയ്മയ്ക്ക് തിരിച്ചടിയാവുമെന്ന് ഇസ്രഈല്‍ ഭയക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ക്രാഫ്റ്റുകളായാണ് എഫ്-35 നെ കണക്കാക്കുന്നത്. ഇസ്രഈലിന് 16 എഫ്-35 വിമാനങ്ങളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

പശ്ചിമേഷ്യയില്‍ നിലവില്‍ ഇസ്രഈലിന് മാത്രമാണ് ഈ യുദ്ധ വിമാനം വാങ്ങാനായത്. ഇസ്രഈലിനു ഭീഷണിയാവുന്ന ആയുധ ഇടപാട് അറബ് രാജ്യങ്ങളുമായി നടത്തുന്നതിന് അമേരിക്കയ്ക്ക് തടസ്സമുണ്ട്. അമേരിക്കയും ഇസ്രഈലും തമ്മിലുള്ള പ്രത്യേക കരാര്‍ ആണ് ഇതിനു കാരണം.

1973 ലെ അറബ്-ഇസ്രഈല്‍ യുദ്ധത്തിനു ശേഷം ഇസ്രഈലിന്റെ അയല്‍ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിനു മുമ്പ് ഇസ്രഈലിന് പ്രഥമ പരിഗണന നല്‍കുമെന്നും പശ്ചിമേഷ്യയിലെ ഇസ്രഈലിന്റെ സൈന്യത്തെ സംരക്ഷിക്കുമെന്നും യു.എസ് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നു. ഈ ധാരണ പ്രാബല്യത്തില്‍ വരുത്തിയിട്ടുമുണ്ട്. അതേസമയം ഇസ്രഈലിന് യഥാര്‍ത്ഥത്തില്‍ വില്‍പ്പന തടയാന്‍ കഴിയില്ലെങ്കിലും വില്‍പ്പനയെ എതിര്‍ക്കാന്‍ പറ്റും.

യു.എ.ഇ വര്‍ഷങ്ങളായി ഈ യുദ്ധ വിമാനം സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം മാത്രമാണ് അമേരിക്ക എഫ് 35 ജെറ്റുകള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ തയ്യാറായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Israel will oppose any US F-35 sale to Qatar, Israeli minister says

We use cookies to give you the best possible experience. Learn more