|

വിട്ടയച്ച ഫലസ്തീന്‍ തടവുകാരെ റമദാനില്‍ അല്‍ അഖ്‌സയില്‍ പ്രവേശിപ്പിക്കില്ലെന്ന് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം കൈമാറിയ ഫലസ്തീന്‍ തടവുകാരെ റമദാന്‍ മാസത്തില്‍ അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ഇസ്രഈല്‍. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ഫലസ്തീനികളില്‍ അല്‍ അഖ്‌സയില്‍ പ്രവേശിക്കാനായി പ്രതിദിനം 10000 പേര്‍ക്ക് മാത്രമേ പെര്‍മിറ്റ്  അനുവദിക്കുകയുള്ളൂവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റമദാന്‍ പ്രമാണിച്ച് അതീവ ജാഗ്രതയിലാണെന്നും ജറുസലേമിലേക്കും അല്‍ അഖ്‌സ കോമ്പൗണ്ടിലേക്കുമുള്ള ചെക്ക്‌പോസ്റ്റുകളിലെല്ലാം 3000ത്തോളം ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ഇസ്രഈല്‍ തീരുമാനിച്ചതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

55 വയസിന് മുകളിലുള്ള പുരുഷന്മാര്‍ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും മാത്രമേ പ്രവേശനാനുമതി നല്‍കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഒരു മുതിര്‍ന്നയാള്‍ക്കൊപ്പം പ്രവേശിപ്പിക്കാന്‍ പൊലീസിനോട് ശുപാര്‍ശ ചെയ്തതായും എന്നാല്‍ ഇസ്രഈല്‍ സര്‍ക്കാര്‍ ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് ഒന്നിനാണ് റമദാന്‍ തുടങ്ങുന്നത്. റമദാനില്‍ നേരത്തെയും ഫലസ്തീനികളെ അല്‍ അഖ്‌സയില്‍ പ്രവേശിപ്പിക്കുന്നത് ഇസ്രഈല്‍ നിയന്ത്രിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രഈലിന്റെ നിയന്ത്രണം സംഘര്‍ഷങ്ങള്‍ക്ക് കാരണമാവാറുണ്ടെന്നും ഫലസ്തീനികള്‍ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയപ്പെടാറുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശനിയാഴ്ച ആറ് ബന്ദികളെ കൂടി ഇസ്രഈലിന് ഹമാസ് കൈമാറിയിരുന്നു. കരാര്‍ പ്രകാരം 620 ഫലസ്തീന്‍ തടവുകാരെയാണ് ഇസ്രഈല്‍ കൈമാറാനുള്ളത്. എന്നാല്‍ ഇസ്രഈല്‍ മന്ത്രി സഭാ യോഗത്തില്‍ താത്ക്കാലികമായി ബന്ദികൈമാറ്റം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 48,319 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 111,749 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Content Highlight: Israel will not allow freed Palestinian prisoners to enter al-Aqsa during Ramadan

Video Stories