ജെറുസലേം: ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ കുടിവെള്ളം യുദ്ധോപകരണമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
1993ലെ ഓസ്‌ലോ ഉടമ്പടി മുതല്‍ ഫലസ്തീനികളുടെ ജീവനെ മനുഷ്യത്വരഹിതമായും പൗരന്‍മാരെ ഭീഷണിപ്പെടുത്താനും ഇസ്രഈല്‍ വെള്ളത്തെ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇസ്രഈല്‍ സൈന്യം ഗസയിലെ ജലശുചീകരണ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുകയാണ് ചെയ്തത്. ഇത് അവരുടെ ജീവിതം കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.
ഗസയിലെ ജലവിതരണം 94 ശതമാനം കുറഞ്ഞു. അതായത് ഒരാള്‍ക്ക് പ്രതിദിനം അഞ്ച് ലിറ്ററില്‍ താഴെ മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഇത് അടിയന്തിര സാഹചര്യങ്ങളില്‍ ശുപാര്‍ശ ചെയ്യുന്ന ഏറ്റവും കുറഞ്ഞതിന്റെ മൂന്നിലൊന്നില്‍ താഴെയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമ വിദഗ്ധരും ഇസ്രഈല്‍ സൈന്യം ഫലസ്തീനികള്‍ക്കെതിരെ കുടിവെള്ളം യുദ്ധോപകരണമാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
ഗസയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ജീവന്‍ രക്ഷിക്കാനാവശ്യമായ വെള്ളവും ശുചിത്വത്തിന് വേണ്ടിയുള്ള വെള്ളവും തടഞ്ഞുവെക്കുകയാണ് ഇസ്രഈല്‍ ചെയ്തത്. പട്ടിണിയെ ഇസ്രഈല്‍ യുദ്ധായുധമായി ഉപയോഗിക്കുന്നുവെന്ന് നേരത്തെ ഐക്യരാഷ്ട്രസഭയും മറ്റ് മനുഷ്യാവകാശ സംഘടനകളും പറഞ്ഞിരുന്നു.
ശുദ്ധജലത്തിന്റെയും ശുചീകരണത്തിന്റെയും അഭാവം ഗസയിലെ ജനസംഖ്യയുടെ നാലിലൊന്ന് ആളുകളെ രോഗത്താല്‍ വലക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ജലസൗകര്യങ്ങള്‍ നശിപ്പിച്ചും ബോധപൂര്‍വം സഹായം തടസപ്പെടുത്തിയും ഇസ്രഈല്‍ ഗസയെ ജലക്ഷാമത്തിലേക്ക് തള്ളിവിട്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Israel weaponises water in its military campaign in Gaza: Global Charity