| Tuesday, 4th January 2011, 8:00 am

ഗാസയിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിന്റെ ജീവന്‍ അപകടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ഫലസ്തീനിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പോയ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇസ്രായേല്‍ തടഞ്ഞു. ഇവര്‍ യാത്രചെയ്ത കപ്പല്‍ ഈജിപ്തിലെ എല്‍അരിഷ് തുറമുഖത്തിനടത്ത് ഇസ്രായേല്‍ തടഞ്ഞിരിക്കുകയാണ്. കപ്പലിലുണ്ടായിരുന്ന എട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും മണിക്കൂറൂകളായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയുകയാണ്.

തെഹല്‍ക മുന്‍ പത്രാധിപന്‍ അജിത് സാഹി, സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രതിനിധിയും മലയാളിയുമായ ഷഹീന്‍ കെ മൊയ്ദുണ്ണി, മുന്‍ എം.പി ബ്രിഗേഡിയര്‍ സുധിര്‍ സാവന്ത്, ജവഹര്‍ലാല്‍ നെഹ്‌റുയൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എ.ഐ.എസ്.എ പ്രതിനിധി അസ്‌ലം ഖാന്‍, എന്നീ ഇന്ത്യക്കാരാണ് സംഘത്തിലുള്ളത്. ഇവരോടൊപ്പം മലേഷ്യ, ഇന്തോനേഷ്യ, അസര്‍ബെസ്ജാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമുണ്ട്.

ഗാസനിവാസികള്‍ക്കായി കോടിക്കണക്കിന് രൂപയുടെ മരുന്നുകളുമായി പോയ ഇവരുടെ കപ്പല്‍ അഞ്ച് ഇസ്രായേലി നാവിക കപ്പലുകള്‍ ചേര്‍ന്ന് തടയുകയായിരുന്നു. കപ്പിലിലേക്ക് അനധികൃതമായി പ്രവേശിച്ച ഇസ്രായേല്‍ സൈനികര്‍ സംഘത്തെ പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.

ഷഹീന്‍ മൊയ്ദുണ്ണിയുമായി സാറ്റലൈറ്റ് ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ആറുമണിക്കൂറായി ഇസ്രേയേല്‍ അവരെ തടഞ്ഞുവച്ചിരക്കുകയാണെന്നാണ്. കപ്പലിറങ്ങേണ്ട ഈജിപ്ഷ്യന്‍ തുറമുഖത്തിലേക്ക് ഒരുമണിക്കൂറത്തെ യാത്രമാത്രം ബാക്കിയുണ്ടായിരിക്കെയാണ് ഇവര്‍ ഞങ്ങളെ തടഞ്ഞുവച്ചിരിക്കുന്നത്. മൊയ്ദുണ്ണി പറയുന്നു.

എന്നാല്‍  കര-വ്യോമമാര്‍ഗം ഗാസയിലേക്ക് പോയ പ്രതിനിധികളെല്ലാം സുരക്ഷിതമായി അവിടെ എത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more