അതിർത്തിയിലെ ഹിസ്ബുള്ളയുടെ സാന്നിധ്യം യുദ്ധത്തിലേക്ക് നയിക്കും; യു.എന്നിന് ഇസ്രഈൽ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്
World News
അതിർത്തിയിലെ ഹിസ്ബുള്ളയുടെ സാന്നിധ്യം യുദ്ധത്തിലേക്ക് നയിക്കും; യു.എന്നിന് ഇസ്രഈൽ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd November 2023, 9:32 pm

തെൽ അവീവ്: ഇസ്രഈലുമായി അതിർത്തി പങ്കിടുന്ന വടക്കൻ ലെബനനിൽ ഹിസ്ബുള്ള സൈനികരുടെ സാന്നിധ്യം തുടരുകയാണെങ്കിൽ പശ്ചിമേഷ്യ വലിയ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് യു.എന്നിന് മുന്നറിയിപ്പ് നൽകി ഇസ്രഈലി വിദേശകാര്യമന്ത്രി എലി കോഹൻ.

ആഴ്ചകളായി ലെബനീസ് അതിർത്തിയിൽ ഷെല്ലാക്രമണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നയതന്ത്ര ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതെന്നാണ് ഇസ്രഈലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തത്.

ഒക്ടോബർ ഏഴിന് ശേഷം ഫലസ്തീനുമായുള്ള സംഘർഷത്തിനെ തുടർന്ന് ലെബനനിലെ സംഘർഷം കൂടുതൽ രൂക്ഷമായി എന്നാണ് ഇസ്രഈൽ പറയുന്നത്.

ഹമാസിനെക്കാൾ കൂടുതൽ ശക്തവും ആയുധങ്ങൾ കൈവശമുണ്ട് എന്നതുമാണ് ഇസ്രായേൽ ഭയക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.

ഇസ്രഈലും ഹിസ്ബുള്ളയും തമ്മിലുള്ള 2006ലെ സംഘർഷം അവസാനിപ്പിച്ച 1701 പ്രമേയം നടപ്പാക്കാൻ യു.എൻ സുരക്ഷാ കൗൺസിലിനോട്‌ കോഹൻ ആവശ്യപ്പെട്ടതായും ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ള ഉൾപ്പെടെയുള്ള ലബനീസ് സായുധ ഗ്രൂപ്പുകളെ ഇസ്രഈലി അതിർത്തിയിൽ നിന്ന് പിൻവലിക്കണം എന്നും നിരായുധീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഹിസ്ബുള്ളയെ പ്രകോപിപ്പിക്കുന്ന ഇസ്രഈൽ നടപടി അവസാനിപ്പിക്കണമെന്നും ലെബനനിൽ യുദ്ധമുണ്ടായാൽ അമേരിക്ക കുഴപ്പത്തിലാകുമെന്നും ഇസ്രഈലിനെ യു.എസ് പ്രസിഡന്റ്‌ ജോ ബൈഡന്റെ ഉപദേഷ്ടാവ് അമോസ് ഹോക്സ്റ്റീൻ അറിയിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം ഇസ്രഈൽ അതിർത്തിയിൽ നിന്ന് റദ്വാൻ സേനയെ പിൻവലിക്കാൻ അമേരിക്ക ഹിസ്ബുള്ളയോട് സമ്മർദം ചെലുത്തണമെന്നാണ് ഇസ്രഈലിന്റെ ആവശ്യം.

ഗസയിലെ ഇസ്രഈൽ ആക്രമണങ്ങൾ വർധിക്കുകയും വിദേശ സൈന്യം യുദ്ധത്തിൽ ഇസ്രഈലിനെ സഹായിക്കുകയും ചെയ്താൽ തങ്ങൾ ഹമാസിനൊപ്പം ചേർന്ന് ഇസ്രഈലിനെ ചെറുക്കുമെന്ന് ഹിസ്‌ബുള്ള നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlight: Israel warns UN of regional war – media