ജെറുസലേം: ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് ഫലസ്തീന്‍ എം.പി ലൈല മോറന്‍. ഗസ മുനമ്പിലെ ഒരു പള്ളിയില്‍ അഭയാര്‍ത്ഥികളായ തന്റെ കുടുംബാംഗങ്ങള്‍ ക്രിസ്മസ് വരെ അതിജീവിക്കുമോ എന്ന് താന്‍ ഭയപ്പെടുന്നുവെന്ന് എം.പി പറഞ്ഞു.
ഫലസ്തീനിലെ ഇസ്രഈല്‍ തോക്കുധാരികള്‍ക്കും അടിയന്തര ആവശ്യങ്ങളുടെ അഭാവത്തിനിടയിലും തടവുകാരായ തന്റെ കുടുംബാംഗങ്ങള്‍ അതിജീവിക്കുമോയെന്ന് ഭയപ്പെടുന്നുവെന്നാണ് മോറന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്രഈല്‍ സൈന്യം വീടിന് നേരെ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് മോറായുടെ കുടുംബം പള്ളിയില്‍ അഭയം പ്രാപിച്ചിരുന്നു.
നിലവില്‍ എം.പിയുടെ മുത്തശ്ശിയും സഹോദരനും അദ്ദേഹത്തിന്റെ പങ്കാളിയും അവരുടെ 11 വയസുള്ള ഇരട്ടകുട്ടികളും ഇസ്രഈല്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഗസയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ കുടുങ്ങികിടക്കുകയാണ്.
ഫോണ്‍ കോളുകളിലൂടെ ലൈല മോറാന്‍ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോളി ഫാമിലി ചര്‍ച്ചിലിന്റെ സമീപ പ്രദേശത്ത് ഇസ്രഈല്‍ സൈന്യം ആക്രമണം വര്‍ധിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ കൂടുതല്‍ ഭയപ്പെട്ടുവെന്നാണ് മോറന്‍ പറഞ്ഞത്.
കുടുംബാംഗങ്ങളും മറ്റു അഭയാര്‍ത്ഥികളും സംഘര്‍ഷങ്ങളില്‍ നിന്ന് അതിജീവിക്കുകയാണെങ്കില്‍ അവരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്താന്‍ താന്‍ ശ്രമിക്കുമെന്നും കാരണം അവിടെയാണ് നീതി നടപ്പാവുന്നതെന്നും എം.പി ലൈല മോറന്‍ കൂട്ടിച്ചേര്‍ത്തു.
പള്ളിയില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നിന്ന് അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനിടയില്‍ ഏഴ് പേര്‍ക്ക് വെടിയേറ്റതായി ഹോളി ഫാമിലി ചര്‍ച്ചിലെ പാത്രിയാര്‍ക്കേറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
54 വികലാംഗര്‍ക്ക് അഭയം നല്‍കിയിരുന്ന പള്ളിയുടെ ഒരു ഭാഗത്തേക്ക് ഇസ്രഈല്‍ ടാങ്ക് വെടിയുതിര്‍ത്തെന്നും കെട്ടിടത്തിന്റെ ഏക വൈദ്യുതി സ്രോതസ്സായ ജനറേറ്റര്‍ കത്തി നശിച്ചുവെന്നും പാത്രിയാര്‍ക്കേറ്റ് കൂട്ടിച്ചേര്‍ത്തു. കൂടാതെ പള്ളിയിലെ മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പാത്രിയാര്‍ക്കേറ്റ് ചൂണ്ടിക്കാട്ടി.
Content Highlight: Israel war on Gaza, British-Palestinian MP fears family will ‘not survive until Christmas’