അന്താരാഷ്ട്ര കോടതിയില്‍ ഇസ്രഈലിന് ഇന്ത്യയെ വേണം; മിണ്ടാനാകാതെ മോദി
national news
അന്താരാഷ്ട്ര കോടതിയില്‍ ഇസ്രഈലിന് ഇന്ത്യയെ വേണം; മിണ്ടാനാകാതെ മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th February 2021, 12:53 pm

ന്യൂദല്‍ഹി: ഫലസ്തീന്‍ മേഖലയിലെ ഭരണം ഏറ്റെടുക്കുമെന്ന അന്താരാഷ്ട്ര കോടതിയുടെ വിധിയില്‍ ഇന്ത്യയുടെ സഹായം തേടി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

അന്താരാഷ്ട്ര കോടതിയുടെ തീരുമാനത്തിനെതിരെ ഇന്ത്യ രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തിടെ മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന്‍ വിഷയത്തില്‍ മോദിയുടെ സഹായം തേടി കത്തയക്കുന്നത്.

ഫെബ്രുവരി അഞ്ചിന് അന്താരാഷ്ട്ര കോടതിയുടെ വിധി വന്ന് രണ്ട് ദിവസത്തിനകമാണ് നെതന്യാഹു മോദിക്ക് കത്തയച്ചത്. കത്തിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐ.സി.സിയുടെ സ്ഥാപക ഉടമ്പടിയായ റോം സ്റ്റാറ്റിയൂട്ടില്‍ ഇന്ത്യ അംഗമല്ലാത്തതിനാല്‍, കോടതിയുടെ ഏതെങ്കിലും തീരുമാനങ്ങളോ വിധികളോ സംബന്ധിച്ച് അഭിപ്രായം പറയാനോ നിലപാട് സ്വീകരിക്കാനോ കഴിയില്ലെന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രഈല്‍ വിധിക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു. കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ല ഫലസ്തീന്‍ വിഷയമെന്നും ഫലസ്തീന്‍ ഒരു പരമാധികാര രാജ്യമല്ലെന്നുമാണ് വിധിക്ക് പിന്നാലെ ഇസ്രഈല്‍ പ്രതികരിച്ചത്.

കിഴക്കന്‍ ജറുസലേം, ഗാസാ മുനമ്പ്, എന്നിവയുള്‍പ്പെടെ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ പ്രദേശങ്ങളില്‍ യുദ്ധക്കുറ്റങ്ങള്‍ നടക്കുന്നുണ്ടെന്ന് ഐ.സി.സി പ്രോസിക്യൂട്ടര്‍ ഫാറ്റൂ ബെന്‍സുഡ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.സി.സിയുടെ വിധിയും വരുന്നത്.

ഫലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര കോടതി ഇടപെട്ടതിന് സമാനമായ നീക്കങ്ങള്‍ കശ്മീരില്‍ ഉണ്ടായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ടെന്ന നിരീക്ഷണങ്ങളുമുണ്ട്.

ഫലസ്തീന്‍ വിധി ഇതിന് തുടക്കം കുറിക്കുന്നത് ആകുമോ എന്ന ചര്‍ച്ചകളും രാജ്യത്ത് നടക്കുന്നുണ്ട്. അതേസമയം വിഷയത്തില്‍ ഇതുവരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Israel wants India by its side against ICC ruling, Narendra Modi Silent