| Friday, 13th October 2023, 6:30 pm

ഗസയിലും ലബനനിലും മാരകമായ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രഈൽ; അപലപിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീൻ- ഇസ്രഈൽ യുദ്ധത്തെ തുടർന്ന് ഗസയിൽ രാസവസ്തു പ്രയോഗം നടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച്.
ശരീരത്തിൽ പൊള്ളലുകളും ആജീവനാന്ത പരിക്കുകൾക്കും കാരണമായേക്കാവുന്ന, ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാവുന്ന മാരകമായ വൈറ്റ് ഫോസ്ഫറസ് പ്രയോഗമാണ് ഇസ്രഈൽ നടത്തിയതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് നിയമപരമായി വിലക്കപ്പെട്ട സാഹചര്യത്തിലാണ് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ട് ഇസ്രഈൽ ഇത്തരത്തിൽ ഒരു സൈനിക നടപടി കൈകൊണ്ടതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു.

ചൊവ്വ, ബുധൻ ദിവസങ്ങളിലായി
ലെബനനിലും ഗസയിലും നടന്ന സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അവലോകനം ചെയ്തുകൊണ്ടായിരുന്നു ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ വിശദീകരണം.

‘അതിഭയാനകമായ പൊള്ളലിനും ആജീവനാന്ത പരിക്കുകൾക്കും കാരണമായേക്കാവുന്നതാണ് വൈറ്റ് ഫോസ്‌ഫറസിന്റെ പ്രയോഗം’ എന്ന് ഉത്തരആഫ്രിക്കൻ – പശ്ചിമേഷ്യൻ ഹ്യൂമൻ റൈസ് വാച്ച് ഡയറക്ടർ ലമ ഫകിഹ് പറഞ്ഞു.

യുദ്ധ മേഖലയിൽ വൈറ്റ് ഫോസ്ഫറസിന്റെ പ്രയോഗം പൂർണമായിട്ടും നിരോധിച്ചിട്ടില്ലെങ്കിലും,
ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം സിവിലിയൻസിനുമേൽ ഇത്തരം രാസപദാർത്ഥങ്ങൾ പ്രയോഗിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഈ ഉടമ്പടിയിൽ ഇസ്രഈൽ ഒപ്പു വച്ചിട്ടുണ്ടായിരുന്നില്ല.

സംഭവത്തിൽ ഇസ്രഈൽ പ്രതിരോധ മന്ത്രാലയത്തോട് അൽ ജസീറ വിശദീകരണം തേടിയെങ്കിലും പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല.
നിലവിൽ വൈറ്റ് ഫോസ്ഫറസ് രാസായുധം ഉപയോഗിച്ചതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് ഇസ്രഈൽ സൈന്യം റോയട്ടേർസിന് നൽകിയ മറുപടി.

2009ൽ ഇസ്രഈൽ നടത്തിയ ഗസആക്രമണത്തിൽ അമിതമായി വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നു. എന്നാൽ 2013ൽ ജനസാന്ദ്രമായ മേഖലകളിൽ രാസായുധ പ്രയോഗം ഇസ്രഈൽ ഹൈക്കോടതി നിരോധിച്ചിരുന്നു. ഇതുവരെ ഗസയിൽ ഇസ്രഈൽ നടത്തിയ അക്രമത്തിൽ 1500 ലധികം പേർ മരിച്ചതായും 6600പേർക്ക് പരിക്കേറ്റതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.

Content Highlight: Israel using white phosphorus in Gaza; Human Rights Watch

We use cookies to give you the best possible experience. Learn more