ലെബനനിൽ ഇസ്രഈൽ യു.എസ് നിർമിത നിരോധിത വൈറ്റ് ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചതായി വാഷിങ്ടൺ പോസ്റ്റ്‌
World News
ലെബനനിൽ ഇസ്രഈൽ യു.എസ് നിർമിത നിരോധിത വൈറ്റ് ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചതായി വാഷിങ്ടൺ പോസ്റ്റ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th December 2023, 9:52 am

ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഒക്ടോബറിൽ ഇസ്രഈൽ യു.എസ് നിർമിത നിരോധിത വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി വാഷിങ്ടൺ പോസ്റ്റ്‌ അന്വേഷണ റിപ്പോർട്ട്.

ഇസ്രഈലുമായുള്ള ലെബനൻ അതിർത്തിയിലെ ദെയ്റയിൽ 155 മില്ലീമീറ്റർ പീരങ്കി വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും അവ നാല് വീടുകളെങ്കിലും നശിപ്പിക്കുകയും ഒമ്പത് സിവിലിയന്മാരെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നുവെന്നും വാഷിങ്ടൺ പോസ്റ്റ്‌ പറഞ്ഞു.

യു.എസ് സേന ഉത്പാദിപ്പിക്കുന്ന ആയുധങ്ങളുടെ കോഡുകളുമായി ഷെല്ലുകളിലെ ഉത്പാദന കോഡുകൾ യോജിക്കുന്നുണ്ടെന്നും, കണ്ടെത്തിയ അവശിഷ്ടങ്ങൾ 1989നും 1992നുമിടയിൽ ലൂസിയാനയിലും അർകാൻസസിലും നിർമിച്ച ആയുധങ്ങളുടേതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഒരു പീരങ്കിയുടെ പുറത്ത് ‘WP’ എന്ന് പ്രിന്റ് ചെയ്തതും ഇളം പച്ച നിറവും വൈറ്റ് ഫോസ്ഫറസ് ആയുധങ്ങൾ പ്രയോഗിച്ചതിനെ സാധൂകരിക്കുന്നതായി വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് വാഷിങ്ടൺ പോസ്റ്റ്‌ പറയുന്നു.

ഒക്ടോബർ 16ന് ദെയ്റയിൽ ഉയർന്ന പുക വൈറ്റ് ഫോസ്ഫറസിന്റെ സവിശേഷതകളാണ് എന്ന് ചിത്രങ്ങളും വീഡിയോകളും പരിശോധിച്ച അന്താരാഷ്ട്ര സംഘടനകൾ സ്ഥിരീകരിച്ചിരുന്നു.

പീരങ്കികൾ യു.എസ് നിർമിതമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റർനാഷണലും സ്ഥിരീകരിച്ചിരുന്നു.

ഒക്ടോബറിൽ ആക്രമണം നടന്ന ഉടൻ തന്നെ ഗസയിലും ലബനൻ അതിർത്തിയിലും വൈറ്റ് ഫോസഫറസ് ആക്രമണം നടന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചിരുന്നു.

ഒക്ടോബർ ഒമ്പതിന് ഗസ മുനമ്പിൽ നടന്ന ആക്രമണത്തിലും വൈറ്റ് ഫോസ്ഫറസ് പീരങ്കികളിൽ യു.എസിന്റെ ഉത്പാദന കോഡ് കണ്ടെത്തിയിരുന്നു.

അന്തരീക്ഷത്തിലെ വൈറ്റ് ഫോസ്ഫറസ് ശരീരത്തിൽ പറ്റിയാൽ ഗുരുതരമായ പൊള്ളലും ശ്വാസകോശ തകരാറുകളുമുണ്ടാകും. സിവിലിയന്മാർ ജീവിക്കുന്ന മേഖലകളിൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾ വിലക്കുന്നുണ്ട്.

Content Highlight: Israel used US-made white phosphorus bombs in Lebanon: Report