| Wednesday, 29th May 2024, 9:58 pm

റഫയിലെ കൂട്ടക്കുരുതിക്കായി ഇസ്രഈല്‍ ഉപയോഗിച്ചത് അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയ കൂട്ടക്കുരുതിക്ക് ഉപയോഗിച്ചത് അമേരിക്കന്‍ നിര്‍മിത ആയുധങ്ങളെന്ന് റിപ്പോര്‍ട്ട്. സി.എന്‍.എന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സി.എന്‍.എന്നിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് റഫയിൽ നിന്നുള്ള ദൃശ്യങ്ങള്‍ ജിയോലൊക്കേറ്റ് ചെയ്ത ശേഷം അമേരിക്കന്‍ നിര്‍മിത ജി.ബി.യു-39 ബോംബിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് ആയുധ വിദഗ്ധര്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ രൂപകല്‍പ്പന ചെയ്ത ബോംബാണ് ജി.ബി.യു-39 എന്ന് ആയുധ വിദഗ്ധന്‍ ക്രിസ് കോബ്‌സ്മിത്ത് സി.എന്‍.എന്നിനോട് പറഞ്ഞു. ഇത്രയും വലിയ യുദ്ധോപകരണങ്ങള്‍ ജനസാന്ദ്രതയുള്ള പ്രദേശത്ത് ഉപയോഗിക്കുന്നത് വലിയ അപകടത്തിന് കാരണമാകുമെന്ന് മുന്‍ ബ്രിട്ടീഷ് ആര്‍മി ഉദ്യോഗസ്ഥന്‍ കൂടിയായ കോബ്‌സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിന് ശേഷം ആയുധത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെന്നും അത് അമേരിക്കന്‍ നിര്‍മിത ജി.ബി.യു-39 ആണെന്ന് ഒറ്റനോട്ടത്തില്‍ മനസിലായെന്നും മറ്റൊരു ആയുധ വിദഗ്ധനായ ട്രെവര്‍ ബോള്‍ പറഞ്ഞു. റഫയിലെ ക്യാമ്പുകള്‍ക്ക് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ വലിയ സ്‌ഫോടനങ്ങള്‍ക്ക് കാരണമാകുന്ന ഫോക്കസ്ഡ് ലെത്തലിറ്റി മ്യൂണിഷന്‍ ഉപയോഗിക്കുന്നതിന് പകരം കുറഞ്ഞ നാശനഷ്ടമുണ്ടാക്കുന്ന ഒരു വകഭേദമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത സീരിയല്‍ നമ്പറുകളും കാലിഫോര്‍ണിയയിലെ ബോംബ് നിര്‍മാതാക്കളുമായി പൊരുത്തപ്പെടുന്നതാണെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ യു.എസ് നിഷേധിച്ചു. റഫയില്‍ ഇസ്രഈല്‍ ഉപയോഗിച്ച ആയുധങ്ങള്‍ നിര്‍മിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് യു.എസ് നല്‍കുന്ന വിശദീകരണം. വ്യോമാക്രമണത്തില്‍ ഏത് തരത്തിലുള്ള യുദ്ധോപകരണമാണ് ഉപയോഗിച്ചതെന്ന് എനിക്കറിയില്ലെന്നും അത് ഇസ്രഈലിനോട് ചോദിക്കണമെന്നും പെന്റഗണ്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രീന സിങ് പറഞ്ഞു.

17 കിലോ സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ രണ്ട് യുദ്ധോപകരണങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഇസ്രഈല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി നേരത്തെ പറഞ്ഞിരുന്നു.

റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഞായറാഴ്ച ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേരാണ് വെന്തുമരിച്ചത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണം അവസാനിപ്പിക്കണമെന്ന ലോക കോടതിയുെട ഉത്തരവ് ഉണ്ടായിട്ടും ഇസ്രഈല്‍ ഇപ്പോഴും റഫയില്‍ ആക്രമണം തുടരുകയാണ്.

Content Highlight: Israel used ‘US-made weapons’ in Rafah massacre

We use cookies to give you the best possible experience. Learn more