| Wednesday, 5th June 2024, 10:31 pm

ലെബനനില്‍ നിരോധിത വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് ഇസ്രഈല്‍; മുന്നറിയിപ്പുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്റൂട്ട്: ലെബനനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രഈല്‍. ബെയ്റൂട്ടിലെ ആക്രമണത്തില്‍ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് ഉപകരണങ്ങള്‍ സൈനിക നടപടികള്‍ക്കായി ഇസ്രഈല്‍ ഉപയോഗിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെ മനുഷ്യാവകാശ സംഘടനായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പുമായി രംഗത്തെത്തി.

ഇസ്രഈലിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാട്ടി. 2023 ഒക്ടോബര്‍ മുതല്‍ കുറഞ്ഞത് 17 മുനിസിപ്പാലിറ്റികളിലെങ്കിലും പീരങ്കികള്‍ ഉപയോഗിച്ചുള്ള വൈറ്റ് ഫോസ്ഫറസിന്റെ ഒന്നിലധികം എയര്‍ സ്ഫോടനങ്ങളുടെ ചിത്രങ്ങളും ഫൂട്ടേജുകളും തങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു. ഇതില്‍ ഭൂരിപക്ഷവും ജനവാസ മേഖലയില്‍ നിന്നാണ് കണ്ടെത്തിയതെന്നും സംഘടന വ്യക്തമാക്കി.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട ചിത്രങ്ങളും ഫൂട്ടേജുകളും ലെബനനിലെ തെക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളായ കാഫ്ര്‍ കില, മെയ്സ് അല്‍ജബല്‍, ബൗസ്റ്റെയ്ന്‍, മര്‍കബ, ഐത അല്‍ ചാബ് എന്നിവിടങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലും പതിക്കുന്നതായി കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജനവാസ മേഖലകളില്‍ എയര്‍ ബര്‍സ്റ്റ് വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യനില്‍ വലിയ അളവില്‍ ദോഷങ്ങളുണ്ടാക്കുന്ന ഒന്നാണിത്. വൈറ്റ് ഫോസ്ഫറസ് എന്നത് പൊട്ടിത്തെറിക്കാന്‍ കഴിവുള്ള ഒരു രാസവസ്തു കൂടിയാണ്. ഇത് വായുവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ സ്‌ഫോടന രൂപത്തില്‍ കത്തുകയും അതില്‍ ജനങ്ങളില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്യും.

അതേസമയം ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈലി സൈന്യം ഗസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 36,586 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 83,074 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Israel unlawfully used white phosphorus in south Lebanon

We use cookies to give you the best possible experience. Learn more