| Saturday, 6th January 2024, 3:19 pm

ഞങ്ങള്‍ക്കെതിരെ മിണ്ടിപ്പോവരുത്; ആതിഥേയ രാജ്യങ്ങളോട് ദക്ഷിണാഫ്രിക്ക നല്‍കിയ കേസിനെ പരസ്യമായി എതിര്‍ക്കണമെന്ന് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസിനെ എതിര്‍ക്കുന്നതിനായി ആതിഥേയ രാജ്യങ്ങളിലെ നയതന്ത്രജ്ഞരിലും രാഷ്ട്രീയക്കാരിലും സമ്മര്‍ദം ചെലുത്തി ഇസ്രഈല്‍. ആതിഥേയ രാജ്യങ്ങളിലെ എംബസികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കാനുള്ള പദ്ധതികള്‍ക്ക് ഇസ്രഈലി വിദേശകാര്യ മന്ത്രാലയം തുടക്കം കുറിച്ചതായി ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത ആഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കാനിരിക്കുന്ന വാദത്തിനെ ഇസ്രഈലിന്റെ നടപടി സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മാസം ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ഗസയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഇസ്രഈലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിലും ഇസ്രഈലിനെതിരെ കേസ് ഫയല്‍ ചെയ്തത്.

തുര്‍ക്കിയും മലേഷ്യയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ ഹരജിയെ ഔദ്യോഗികമായി പിന്തുണച്ചിരുന്നു. വംശഹത്യാ കുറ്റം, ശിക്ഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ള 1948ലെ കണ്‍വെന്‍ഷന്‍ പ്രകാരം ഇസ്രഈല്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ലംഘിച്ചുവെന്ന ദക്ഷിണാഫ്രിക്കയുടെ പ്രസ്താവന നിയമവിധേയമാണെന്ന് തുര്‍ക്കി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസിന് നാറ്റോ അംഗങ്ങളും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഇസ്രഈലിനെതിരെ നാറ്റോ സഖ്യകക്ഷികളും മറ്റു രാജ്യങ്ങളും ഉന്നയിച്ച വംശഹത്യ ആരോപണം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തള്ളി. ഗസയില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇസ്രഈല്‍ നടത്തുന്നില്ല എന്നാണ് ജോ ബൈഡന്റെ വാദം.

നിലവില്‍ ഗസയിലെ മാനുഷിക സാഹചര്യങ്ങള്‍ വളരെ മോശമായിരിക്കുകയാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയവും ഐക്യരാഷ്ട്ര സഭയും അറിയിച്ചു. അധിനിവേശ ഗസയില്‍ വലിയ തോതില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി യു.എന്‍ ചൂണ്ടിക്കാട്ടി.

ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികളുടെ എണ്ണം വര്‍ധിച്ചതായും യു.എന്‍ കൂട്ടിച്ചേര്‍ത്തു. ഗസയിലെ ഭൂരിപക്ഷം ആശുപത്രികളും പ്രവര്‍ത്തനക്ഷമല്ലാതായിയെന്ന് ഫലസ്തീനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Israel told host countries to publicly oppose South Africa’s case against them

We use cookies to give you the best possible experience. Learn more