ടെല്‍ അവീവ്: ജനുവരി 20ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ അദ്ദേഹത്തെ സ്വാധീനിക്കാന്‍ ഇസ്രഈല്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്.
സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ബൈഡന്‍ കൂടുതല്‍ വിമര്‍ശനത്തിലേക്കും നടപടികളിലേക്കും കടക്കുമോ എന്ന ആശങ്കയിലാണ് ഇസ്രഈല്‍ ബൈഡനെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗള്‍ഫ് രാഷ്ട്രങ്ങളെ ബൈഡന്‍ പിണക്കിയാല്‍ അത് ആ മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള ഇറാന്റെ ശ്രമത്തിന് സഹായകരമാകുമോ എന്ന ആശങ്കയും ഇസ്രഈലിനുണ്ട്.
നിലവില്‍ ഇസ്രഈലുമായി അടുത്ത ബന്ധം ഈജിപ്തും സ്വീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബൈഡന്‍ ഈജിപ്തിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഇസ്രഈലി നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടല്‍.
”ഞങ്ങള്‍ നിലവില്‍ ഇസ്രഈലുമായി അടുത്ത ബന്ധത്തിലാണുള്ളത്. അതുകൊണ്ട് തന്നെ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കാത്ത വിധത്തില്‍ സാവകാശം തീരുമാനങ്ങളെടുക്കണമെന്നാണ് ബൈഡനോട് ഞങ്ങള്‍ക്ക് പറയാനുള്ളത്,” മുഗേതിര്‍ന്ന ഇസ്രഈലി ഉദ്യോഗസ്ഥന്‍ ആക്‌സിയോസിനോട് പറഞ്ഞു.
മനുഷ്യാവകാശത്തിനപ്പുറം യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളുമായി ട്രംപിന്റെ നേതൃത്വത്തില്‍ ഇസ്രഈല്‍ കൊണ്ടുവന്ന സമാധാനക്കരാറിന് പ്രാധാന്യം നല്‍കണമെന്നാണ് ഇസ്രഈലിന്റെ ആവശ്യം.