| Saturday, 4th February 2012, 5:00 am

ഏപ്രിലോടെ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ആണവബോംബ് നിര്‍മിക്കുന്നുവെന്നാരോപിച്ച് വരുന്ന ഏപ്രിലോടെ ഇറാനെ ഇസ്രായേല്‍ ആക്രമിച്ചേക്കാമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍. അടുത്ത ഏതാനും മാസങ്ങള്‍ക്കകം തന്നെ ആക്രമണ സാധ്യതയുണ്ടെന്നും അത് ഏപ്രിലിനപ്പുറം പോകില്ലെന്നും പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇറാനെതിരെ രൂക്ഷമായ ആക്രമണം നടക്കും. ഇറാന്‍ ആണവബോംബ് കൈക്കലാക്കും മുമ്പ് ആക്രമണം വേണമെന്നാണ് ഇസ്രായേലിന്റെ നിലപാടെന്ന് പനേറ്റ വിശദീകരിച്ചുവെന്നാണ് അമേരിക്കന്‍ പത്രങ്ങള്‍ പറയുന്നത്. അണു ബോംബ് നിര്‍മിക്കാനാവശ്യമായ സമ്പുഷ്ട യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നാണ് ഇസ്രായേല്‍ കരുതുന്നത്. അവരെ നിയന്ത്രിക്കാന്‍ കഴിവുള്ള ഒരേയൊരു രാജ്യം അമേരിക്കയാണ്. അതൊകൊണ്ട് അമേരിക്ക കൃത്യമായി ഇടപെടാന്‍ തയ്യാറായില്ലെങ്കില്‍ ഇസ്രായേല്‍ അറ്റകൈക്ക് തുനിയുമെന്നാണ് പനേറ്റ പറയുന്നത്. ബ്രസല്‍സില്‍ നാറ്റോ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ യോഗത്തിലാണ് പനേറ്റ ഈ അഭിപ്രായപ്രകടനം നടത്തിയത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇറാന്‍ ആണവായുധം കൈക്കലാക്കുന്നത് മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പൗരസ്ത്യ ദേശത്ത് ആണവായുധങ്ങള്‍ കൈവശമുള്ള ഒരേയൊരു രാജ്യമായ ഇസ്രായേല്‍ പറയുന്നത്. ആക്രമണ സാധ്യത അവര്‍ തള്ളിക്കളഞ്ഞിട്ടുമില്ല.

എന്നാല്‍ ഇറാന്റെ ആണവ പരപാടി തികച്ചും സമാധാനപരമാണെന്ന നിലപാടില്‍ ഇറാന്‍ ഉറച്ച് നില്‍ക്കുകയാണ്. ഐ.എ.ഇ.എ സംഘം കഴിഞ്ഞദിവസം ഇറാനില്‍ പരിശോധന നടത്തിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ അടക്കമുള്ളവ അടിച്ചേല്‍പ്പിച്ച ഉപരോധത്തിന്റെ കെടുതി അനുഭവിക്കുകയാണ് ഇറാന്‍.

അതേസമയം, ഇസ്രയേലിനെ ഇറാന്‍ ഭയക്കുന്നില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാം ന ഈ വ്യക്തമാക്കി. സിയോണിസ്റ്റഅ രാജ്യമായ ഇസ്രയേലിനെതിരെ ഇറാന്‍ ഉറച്ച നിലപാടെടുക്കുമെന്നും ഇസ്രായേലിനെതിരെ പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രങ്ങള്‍ക്കും തങ്ങള്‍ പൂര്‍ണ പിന്തുണയും സഹായവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇസ്രായേലിനെതിരെയുള്ള പോരാട്ടത്തില്‍ ഫലസ്തിനെയും ലബനാനിനേയും ഇറാന്‍ സഹായിക്കും. കാരണം ഇസ്രായേല്‍ ക്യാന്‍ എന്ന രോഗത്തെക്കാളും മാരകമാണ് ” ഖാംനഇ വ്യക്തമാക്കി.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more