കൊവിഡ് 19 ദ്രുത പരിശോധനാ കിറ്റുകള്‍ വികസിപ്പിക്കാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി അവസാന ഘട്ട ഗവേഷണങ്ങള്‍ നടത്തുന്നത് ഉന്നതതല ഗവേഷക സംഘത്തെ ഇന്ത്യയിലേക്ക് അയക്കാന്‍ തീരുമാനിച്ച് ഇസ്രഈല്‍. ശരീരത്തിലെ കൊറോണ വൈറസിന്റെ സാന്നിധ്യം 30 സെക്കന്റിനുള്ളില്‍ കണ്ടെത്തുന്ന ടെസ്റ്റിങ് കിറ്റ് സംയുക്തമായി നിര്‍മ്മിക്കാനാണ് ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത്. കൊവിഡ് വ്യാപനത്തിന് പരിഹാരം കാണാനും ഒരുമിച്ച് വിപണനം നടത്തുന്നതിനുമുള്ള സാധ്യതകളാണ് ഇരുരാജ്യങ്ങളും പരിശോധിക്കുന്നതെന്നാണ് വിവരം.
ഇസ്രഈലിന്റെ സാങ്കേതിക വൈദഗ്ധ്യം ഇന്ത്യയുടെ ഉല്‍പാദന ശേഷിയുമായി ബന്ധിപ്പിച്ച് പരിശോധന കിറ്റുകളുടെ നിര്‍മ്മാണം ദ്രുതഗതിയിലാക്കാനാണ് ശ്രമമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി പതിരോധ മന്ത്രാലയത്തിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റ് (ഡി.ഡി.ആര്‍ & ഡി) അംഗങ്ങള്‍ അടങ്ങുന്ന ഉന്നതതല ടീം അടുത്ത ദിവസങ്ങളില്‍ ദല്‍ഹിയിലെത്തുമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയവും ആരോഗ്യമന്ത്രാലയവും ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്ന ഈ ഉദ്യമത്തില്‍ പങ്കാളികളാവും. വൈറസിനൊപ്പം സാധാരണ ജീവിതം സാധ്യമാക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ സാങ്കേതിക വിദ്യയും ഇന്ത്യന്‍ ഉല്‍പാദന ശേഷിയും ഒരുമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.