| Wednesday, 25th October 2023, 6:10 pm

യു.എൻ മേധാവിയുടെ പ്രസംഗത്തിൽ പ്രതിഷേധം; യു.എൻ ഉദ്യോഗസ്ഥർക്ക് വിസ നൽകില്ലെന്ന് ഇസ്രഈൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഐക്യരാഷ്ട്ര സഭാ അധ്യക്ഷന്റെ ഗസ യുദ്ധ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥർക്ക് വിസ നൽകാൻ വിസമ്മതിച്ച് ഇസ്രഈൽ.

കഴിഞ്ഞ ദിവസം സെക്യൂരിറ്റി കൗൺസിലിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വടക്കൻ ഗസ മുനമ്പിൽ നിന്ന് തെക്കിലേക്ക് പലായനം ചെയ്യാനുള്ള ഇസ്രഈൽ ഉത്തരവിനെ പരോക്ഷമായി വിമർശിച്ചിരുന്നു. ഒക്ടോബർ എഴിന് ഇസ്രഈലിനെതിരെയുള്ള ഹമാസിന്റെ ആക്രമണം പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. ഫലസ്തീനികൾ 56 വർഷമായി ഇസ്രഈൽ അധിനിവേശത്തിൽ വീർപ്പുമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യു.എന്നിലെ ഇസ്രഈൽ സ്ഥാനപതി ജിലാൻ എർദാനാണ് യു.എൻ ഉദ്യോഗസ്ഥർക്ക് വിസ നൽകില്ലെന്ന തീരുമാനം അറിയിച്ചത്.

‘അദ്ദേഹത്തിന്റെ പരാമർശം കാരണം, ഞങ്ങൾ യു.എൻ പ്രതിനിധികൾക്ക് വിസ നൽകാൻ വിസമ്മതിക്കുന്നു. മാനവകാര്യ അണ്ടർ സെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്സിന് ഞങ്ങൾ ഇതിനകം വിസ നിഷേധിച്ചു കഴിഞ്ഞു. ഇവരെ ഒരു പാഠം പഠിപ്പിക്കണം,’ എർദാൻ ആർമി റേഡിയോയോട് പറഞ്ഞു.

തന്റെ പരാമർശത്തിലൂടെ തീവ്രവാദത്തോടും കൊലപാതകത്തോടുമുള്ള ധാരണയാണ് യു.എൻ മേധാവി പ്രകടിപ്പിച്ചതെന്ന് എർദാൻ എക്‌സിൽ കുറിച്ചു.

ഗുട്ടറസിന്റെ സന്തുലിതമായ സമീപനത്തെ സ്വാഗതം ചെയ്ത് രാജ്യങ്ങൾ മുന്നോട്ട് വന്നപ്പോൾ യു.എൻ മേധാവി രാജി വെക്കണമെന്നായിരുന്നു ഇസ്രഈൽ നിലപാട്.

ഗുട്ടറസുമായുള്ള യോഗം റദ്ദാക്കുന്നതായി ഇസ്രഈൽ വിദേശകാര്യമന്ത്രി എലി കോഹെൻ അറിയിച്ചു.

Content highlight: Israel to refuse visas to UN officials after Guterres speech on Gaza war

We use cookies to give you the best possible experience. Learn more