ഗസ: നിർബന്ധിത പലായന നിർദേശം അനുസരിച്ചില്ലെങ്കിൽ ഗസയിലെ ഫലസ്തീനികളെ ‘തീവ്രവാദ സംഘടനയുടെ പങ്കാളികളായി’ പ്രഖ്യാപിക്കുമെന്ന് ഇസ്രഈലി സൈന്യം.
10 ലക്ഷം ഗസ നിവാസികളോട് വടക്കൻ ഗസ മുനമ്പിൽ നിന്ന് തെക്കിലേക്ക് പലായനം ചെയ്യാൻ കല്പന നൽകിയതിന് പിന്നാലെയാണ് പുതിയ അറിയിപ്പ്. ഡ്രോണുകൾ ഉപയോഗിച്ച് ഗസയിൽ വിതരണം ചെയ്ത നോട്ടീസുകളിലാണ് ഇസ്രഈൽ സൈന്യം പലായനം ചെയ്തില്ലെങ്കിൽ തീവ്രവാദികളുടെ പങ്കാളികളായി മുദ്രകുത്തുമെന്ന് അറിയിച്ചത്.
‘അടിയന്തര മുന്നറിയിപ്പ്! ഗസ നിവാസികൾ അറിയാൻ, വാദി ഗസയുടെ വടക്കൻ മേഖലയിലെ നിങ്ങളുടെ വാസം ജീവന് അപകടമാണ്. ഗസ മുനമ്പിന്റെ വടക്ക് നിന്ന് തെക്കൻ മേഖലയിലേക്ക് മാറാൻ നിങ്ങൾ കൂട്ടാക്കിയില്ലെങ്കിൽ നിങ്ങളെ തീവ്രവാദ സംഘടനയുടെ പങ്കാളികളായി പ്രഖ്യാപിക്കും,’ നോട്ടീസിൽ പറയുന്നു.
പ്രദേശം ഒഴിയാനുള്ള നിർദേശവും നിരന്തരമുള്ള ബോംബാക്രമണവും ഭയന്ന് പതിനായിരക്കണക്കിന് ഫലസ്തീനികൾ പലായനം ചെയ്യുകയാണ്. എന്നാൽ സ്വന്തം വീട് വിട്ട് പോകാൻ തയ്യാറാകാത്തവരും നിരവധിയാണ്.
കഴിഞ്ഞ 15 ദിവസത്തെ ഇസ്രഈൽ ബോംബാക്രമണത്തിൽ 4,385 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളും വയോധികരുമാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി ഗസയിലേക്കുള്ള വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം ഉൾപ്പെടെ പൂർണമായും നിർത്തലാക്കിയ ഇസ്രഈൽ ഗസയിൽ കരയുദ്ധം നടത്താൻ ഒരുങ്ങുകയാണ്.
ഇത് ആദ്യമായല്ല ഗസ നിവാസികളോട് വീട് വിട്ട് പോകണമെന്നവശ്യപ്പെട്ട് ഡ്രോണുകൾ വഴി നോട്ടീസ് വിതരണം നടത്തുന്നത്. കഴിഞ്ഞ ആഴ്ചയിലും തെക്കൻ ഗസയിലേക്ക് പോകണമെന്ന് നിർദേശിച്ച് ഇസ്രഈൽ സൈന്യം നോട്ടീസ് വിതരണം നടത്തിയിരുന്നു.
ഗസ നഗരത്തിലെയും വടക്കൻ ഗസയിലെയും കാൽ ഭാഗം പ്രദേശവും നാശത്തിന് വിധേയമായെന്നും 20 ശതമാനം വീടുകളും വാസയോഗ്യമല്ലെന്നും യൂറോ മെഡ് മനുഷ്യാവകാശ മോണിറ്റർ അറിയിച്ചു. വടക്കൻ ഗസ മുനമ്പിലെ ബെയ്ത് ഹനൂൻ മേഖലയിലെ 60 ശതമാനം കെട്ടിടങ്ങളും തകർന്നിട്ടുണ്ടെന്നും യൂറോ മെഡ് പറയുന്നു.
Content Highlight: Israel to identify civilians as ‘terrorist partners’ if they stay in northern Gaza