നെതന്യാഹു ചരിത്രത്തിലെ പരാജയപ്പെട്ട പ്രധാനമന്ത്രി; സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ഇസ്രഈൽ ജനത
Worldnews
നെതന്യാഹു ചരിത്രത്തിലെ പരാജയപ്പെട്ട പ്രധാനമന്ത്രി; സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ഇസ്രഈൽ ജനത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2024, 2:01 pm

ജെറുസലേം: പുതിയ തെരഞ്ഞെടുപ്പും ബന്ദി മോചനവും ആവശ്യപ്പെട്ട് ഇസ്രഈൽ സർക്കാരിനെതിരെ പ്രതിഷേധം. ശനിയാഴ്ച്ച രാത്രിയാണ് ആയിരകണക്കിന് വരുന്ന ജനങ്ങൾ ഇസ്രഈലിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ആരംഭിച്ചത്.

Also Read: ആദ്യം സെൽഫി, പിന്നെ മതി കളി…റൊണാൾഡോ നിങ്ങൾ ഹൃദയം കീഴടക്കുന്നു; വീഡിയോ

ടെൽ അവീവിലെ കപ്ലാൻ സ്ട്രീറ്റിൽ ജനങ്ങൾ ഒത്തുകൂടുകയും ഇസ്രഈൽ സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. നിരവധി ആളുകൾ പങ്കെടുത്ത പ്രതിഷേധത്തിൽ എഴുത്തുകാരും രാഷ്ട്രീയ പ്രവർത്തകരും തങ്ങളുടെ സർക്കാർ വിരുദ്ധ നിലപാടുകൾ വ്യക്തമാക്കി.

ഇസ്രഈലിലെ പ്രധാന എഴുത്തുകാരിൽ ഒരാളായ ഡേവിഡ് ഗ്രോസ്മാൻ പ്രതിഷേധക്കാർക്കായി വായിച്ച കവിതയിൽ പ്രകടനം നടത്താനും രാജ്യത്തിനു വേണ്ടി പോരാടാനും അഭ്യർത്ഥിച്ചു.

ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ടതും പരാജയപ്പെട്ടതുമായ പ്രധാനമന്ത്രി എന്നാണ് ഇസ്രാഈലിലെ ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ മുൻ മേധാവി യുവാൽ ഡിസ്‌കിൻ വിശേഷിപ്പിച്ചത്.

2005 മുതൽ 2011 വരെ ഷിൻ ബെറ്റ് രഹസ്യാന്വേഷണ ഏജൻസി മേധാവിയായി സേവനമനുഷ്ഠിച്ച ഡിസ്കിൻ അനുയോച്യമായ സമയത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

യുദ്ധത്തിൽ പരാജയപ്പെട്ട സർക്കാരാണ് ഇസ്രാഈൽ എന്നും, തങ്ങളുടെ സഹോദരങ്ങളെ തിരിച്ചു കൊണ്ട് വരാൻ പോലും കഴിയാതെ യുദ്ധത്തിൽ ജയിച്ചെന്ന നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിജയം ആവർത്തിച്ച് ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് ഇസ്രഈൽ സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണക്ഷിയായ ലികുഡ് പാർട്ടി ആസ്ഥാനത്ത് പ്രതിഷേധക്കാർ കൊടികൾ കെട്ടുകയും സർക്കാർ വിരുദ്ധ ബാനറുകൾ ഉയർത്തുകയും ചെയ്തു. ചില പ്രതിഷേധക്കാർ സർക്കാർ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചപ്പോൾ ചിലർ ഗസയിൽ ഇസ്രാഈൽ നടത്തി കൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ബാനറുകൾ ഉയർത്തി.

പ്രതിഷേധ റാലി അവസാനിച്ചതിന് ശേഷവും ആളുകൾ റോഡുകൾ ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. പ്രതിഷേധം രൂക്ഷമായതോടെ പൊലീസ് ആളുകളെ അറസ്റ്റ് ചെയ്ത് നീക്കി.

Content Highlight: Israel: Thousands of people hold anti-govt protests, demand new elections and return of hostages