കൊവിഡ്-19 വാക്‌സിന്‍ കണ്ടുപിടിത്തിനൊരുങ്ങി ഇസ്രഈലും, ആദ്യഘട്ട പരീക്ഷണം എലികളില്‍
COVID-19
കൊവിഡ്-19 വാക്‌സിന്‍ കണ്ടുപിടിത്തിനൊരുങ്ങി ഇസ്രഈലും, ആദ്യഘട്ട പരീക്ഷണം എലികളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st April 2020, 4:27 pm

തെല്‍ അവിവ്: കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ നിര്‍മാണ പരീക്ഷണത്തില്‍ ഇസ്രഈല്‍. ഇസ്രഈല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസേര്‍ച്ച് ആണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ എലികളില്‍ പരീക്ഷണം നടത്തിയതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് നല്‍കിയ അറിയിപ്പില്‍ വാക്‌സിന്‍ കണ്ടുപിടിത്തം പുരോഗമിക്കുന്നതായും ആദ്യഘട്ട  പരീക്ഷണം മൃഗങ്ങളില്‍ നടത്തുമെന്നും അറിയിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച ഐ.ഐ.ബി.ആര്‍ ചീഫ് ഇറാന്‍ സാവി തങ്ങള്‍ കൊവിഡ് വാക്‌സിന്‍ കണ്ടുപിടുത്തതിനുള്ള ശ്രമത്തിലാണെന്ന് അറിയിച്ചിരുന്നു. അതേ സമയം മൃഗങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തി വിജയിക്കുക എന്നത് ബുദ്ധിമുട്ടാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. മൃഗങ്ങളില്‍ കൊവിഡ് പിടിപെടാത്തതാണ് ഇതിനു കാരണമായി പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെബ്രുവരി ഒന്നിനാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിക്കണമെന്ന് ഐ.ഐ.ബി.ആറിനോട് ആവശ്യപ്പെടുന്നത്.
നേരത്തെ ചൈനയും അമേരിക്കയും കൊവിഡിനെതിരെ വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു.

ലോകത്താകമാനം കൊവിഡ് ബാധിച്ചുള്ള മരണം 42000 കടന്നു. ലോാകത്താകെ 85700 പേര്‍ക്ക് കൊവിഡ് ബാധിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. 178000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ അമേരിക്കയിലാണ് കൊവിഡ് രൂക്ഷമായി പടരുന്നത്. രാജ്യത്ത് ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കും അടുത്ത രണ്ടാഴ്ചയെന്ന് പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് അറിയിച്ചു. ചൊവ്വാഴ്ച മാത്രം 800ലധികം പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊവിഡ് മരണം 3800 കടന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നീ പ്രധാന നഗരങ്ങളാണ് പ്രധാന പ്രശ്ന ബാധിത മേഖലയായി തുടരുന്നത്.