| Wednesday, 1st November 2023, 9:35 am

നെതന്യാഹുവിനെ പുറത്താക്കണം; ഇസ്രഈൽ ടെക് കമ്പനി സി.ഇ.ഒ.മാർ രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെൽ അവീവ്:  പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈലി ടെക് കമ്പനി മേധാവികൾ.
യുദ്ധം കൊണ്ട് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് നെതന്യാഹു എത്രയും വേഗം പ്രധാനമന്ത്രി പദം ഒഴിയണം എന്നാണ് ആവശ്യം.

ടെക് കമ്പനിയായ വോക്മിയുടെ സി.ഇ.ഒ.യും സഹസ്ഥാപകനുമായ ഡാൻ അഡിക, മൊബൈലിയെയുടെ സ്ഥാപകൻ ആംനോൺ ഷാഷവോ എന്നിവരാണ് നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടവരിൽ പ്രമുഖർ.

ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അവർ ആവശ്യപ്പെട്ടു. അപ്രതീക്ഷിത ആക്രമണം തടയുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടതാണ് ഇവരെ പ്രകോപിപ്പിച്ചത്.

‘ഞാൻ സ്വഭാവമനുസരിച്ച് ഒരു വലതുപക്ഷക്കാരനാണ്. രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് ഞാൻ എതിരാണ്. പക്ഷേ യുദ്ധത്തെ തുടർന്നുള്ള എൻറെ കാഴ്ചപ്പാട് മാറി. നെതന്യാഹു എല്ലാ പരിധിയും ലംഘിച്ചു. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെ ഞാൻ കാണുന്നില്ല.

യഥാർത്ഥത്തിൽ രാജ്യത്തെ ഒന്നിപ്പിക്കുന്നത് സ്വകാര്യ കമ്പനികളും പൗരന്മാരും ആണ്. ഇവിടെ സർക്കാർ ഒന്നും ചെയ്യുന്നില്ല. ഒരു സൈനിക ശക്തി മാത്രമല്ല വേണ്ടത്. മറിച്ച് വിദ്യാഭ്യാസ സമ്പ്രദായവും കൃഷിയും സമ്പദ് വ്യവസ്ഥയും രാജ്യത്തിൻറെ ഭാഗമാണ്.

ഇവിടെ പ്രധാനമന്ത്രിയുടെ പത്രസമ്മേളനങ്ങൾ കാണുമ്പോൾ ഞങ്ങൾ വിഷാദാവസ്ഥയിൽ ആവുകയാണ്. നെതന്യാഹു എത്രയും വേഗം രാജിവെക്കണം. അദ്ദേഹം ഒരു യോഗ്യതയില്ലാത്ത നേതാവാണ്.

എന്റെ വലതുപക്ഷ സുഹൃത്തുക്കളായ അവി ഡിച്ചർ, യൂലി എഡൽസ്റ്റീൻ എന്നിവർ ചേർന്ന് ഒരു വിശാല സർക്കാർ സ്ഥാപിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. ഞങ്ങൾ രോഷാകുലരാണ്,’വോക്മിയുടെ സി.ഇ.ഒ.യും സഹസ്ഥാപകനുമായ ഡാൻ അഡിക പറഞ്ഞു.

26 ദിവസമായി തുടരുന്ന യുദ്ധം ഇസ്രഈലിന്റെ സമ്പത്ത് വ്യവസ്ഥയെ ബാധിച്ചു. സർക്കാറിന്റെ പ്രതിദിന ചെലവ് 24.6 കോടി ഡോളറായി വർദ്ധിച്ചു. 2000-2005 കാലത്തെ ഫലസ്തീൻവിപ്ലവത്തിനു ശേഷമുള്ള ഏറ്റവും വലിയ മൂല്യ തകർച്ചയിലാണ് ഇസ്രഈലിന്റെ കറൻസിയായ ഷെക്കൽ.

ഇസ്രഈലിന്റെ തെക്കും വടക്കും നിന്ന് രണ്ടു ലക്ഷം പേർ വീട് ഒഴിഞ്ഞു പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Content Highlight: Israel Tech company C.E.O against Benjamin Netanyahu

We use cookies to give you the best possible experience. Learn more