ജെറുസലേം: ഗസയിലെ സുപ്രധാനമായ പുരാവസ്തു സൈറ്റുകളിലൊന്ന് ഇസ്രഈല്‍ ആക്രമണത്തില്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഫോറന്‍സിക് ആര്‍ക്കിടെക്ചറാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഫോറന്‍സിക് ആര്‍ക്കിടെക്ചറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ സ്ഥലം 1995നും 2005നും ഇടയില്‍ കുഴിച്ചെടുത്തതാണെന്നും അക്കീമെനിഡ് കാലഘട്ടത്തിലെ വീടുകള്‍, ഇരുമ്പ് യുഗത്തിലെ കോട്ട, എംപോറിയം ഉള്‍പ്പെടെയുള്ള റോമന്‍ – ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ നിര്‍മിതികള്‍, ടൈല്‍ പാകിയ കായലുകള്‍, വടക്കന്‍ മേഖലയിലായി ബൈസന്റൈന്‍ സെമിത്തേരി തുടങ്ങിയവ പ്രദേശത്ത് ഉണ്ടെന്നാണ് തെളിയിക്കുന്നത്.
ഫലസ്തീനിലെ അല്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഇസ്രഈല്‍ ബോംബാക്രമണവും ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ആക്രമണവും നടത്തയെന്നതിന് തെളിവായി ഏതാനും ഉപഗ്രഹ ചിത്രങ്ങള്‍ ഫോറന്‍സിക് ആര്‍ക്കിടെക്ചര്‍ പുറത്തുവിട്ടിരുന്നു.
ഗസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള തുരങ്കങ്ങള്‍ വെള്ളം പമ്പ് ചെയ്ത് തകര്‍ക്കുമെന്ന് പ്രസ്താവനയിറക്കിയ ഇസ്രഈല്‍, സമാനരീതിയിലുള്ള വാട്ടര്‍ പമ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫലസ്തീനിലെ പുരാവസ്തു സൈറ്റിന് അടുത്തായി സ്ഥാപിച്ചിട്ടുണ്ടെന്നും ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.
പുരാവസ്തു സൈറ്റ് നശിപ്പിക്കുന്നത് ഫലസ്തീന്‍ ജനതയുടെ പൈതൃകം ഇല്ലാതാക്കാനും സ്വത്വത്തെ അടിച്ചമര്‍ത്താനുമുള്ള ബോധപൂര്‍വമായ ഇസ്രഈലിന്റെ ശ്രമമാണെന്ന് ഹമാസ് ഒരു പ്രസ്താനയില്‍ പറഞ്ഞു. സാംസ്‌കാരിക പൈതൃകത്തെ ലക്ഷ്യമിടുന്നത് മൗനമായ പ്രവര്‍ത്തിയല്ലെന്നും സംസ്‌കാരം മനുഷ്യന്റെ സ്വത്വത്തിന്റെ ദൃശ്യമായ പ്രകടനമാണെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
ഡിസംബറിന്റെ തുടക്കത്തില്‍ ഗസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസ് ഫലസ്തീനിലെ ചരിത്രപരമായ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കണമെന്ന് യുനെസ്‌കോയോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രഈലിന്റെ ബോംബാക്രമണത്തില്‍ ഫലസ്തീനിലെ പള്ളികളും മോസ്‌കുകളും ഹമാമുകളും മറ്റു ചരിത്രപ്രധാനമായ വാസ്തുവിദ്യകളും തകര്‍ന്നതായി ഹമാസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
Content Highlight: Israel targets archaeological sites in Gaza, report by Forensic Architecture